
ധാന്യങ്ങളാകട്ടെ, സുഗന്ധവ്യഞ്ജനങ്ങളാകട്ടെ വാസനയും ഗുണവുമൊക്കെ കൊണ്ടവ ഒന്നിനൊന്ന് വേറിട്ട് നിൽക്കാറുണ്ടെങ്കിലും പൊതുവെ അവരുടെ ആകൃതി വട്ടമാണ്. ഉണ്ടമണികൾ! എന്നാൽ വാസനയും ഗുണവുമെന്നപോലെ തന്നെ വ്യത്യസ്തമായ ആകൃതി കൂടിയുള്ള ഉലുവ അല്ലെങ്കിൽ ചതുരമണികളുടെ വിശേഷമാണ് ഇത്തവണ... ഇന്ത്യയിലാകട്ടെ ഇംഗ്ലണ്ടിലാകട്ടെ ഒരേപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ.
പൊതുവേ കറികളിലോ മറ്റു ഭക്ഷണങ്ങളിലോ ഒക്കെ ചേർത്താണ് നമ്മൾ ഉലുവ കഴിക്കാറുള്ളത്. ചിലരാണെങ്കിൽ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യും. മിക്കവർക്കും ഉലുവയുടെ രുചി അത്ര ഇഷ്ടമല്ല എന്നതാണ് സത്യം, അതുകൊണ്ടുതന്നെ അവർ ഉലുവ ഉപയോഗിക്കുന്ന കാര്യത്തിലും അൽപ്പം പിറകിലായിരിക്കും.
എന്നാൽ രുചിയുടെ പേരിൽ ഉലുവയെ അങ്ങനെ മാറ്റിനിർത്തേണ്ട കേട്ടോ. കാരണം ഉലുവ ഉണ്ടെങ്കിൽ നിരവധി പ്രശ്നങ്ങൾക്ക് ഉത്തരമുണ്ട്. ഉലുവയിലയിൽ ഫോളിക് ആസിഡ്, ജീവകം എ, ജീവകം സി എന്നിവ ധാരാളമുണ്ട്. കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കാത്സ്യം ഇവയുടെ കലവറ കൂടിയാണിത്. ജീവകം കെയും ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവയും ഉലുവയിലയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കാരണങ്ങൾ നിരവധിയാണെന്ന് ചുരുക്കം.
പഞ്ചസാരയ്ക്കും കൊഴുപ്പിനും
ഉലുവ പ്രമേഹം നിയന്ത്രിക്കുന്നുവെന്ന് വിദഗ്ദർ പറയുന്നു. ദഹനം സാവധാനത്തിലാക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാലും നാരുകൾ അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എൽ.ഡി.എൽ അഥവാ ചീത്ത കൊളസ്ട്രോൾ കളയാനും ഉലുവ സഹായിക്കുന്നു. കുടലിലെയും കരളിലെയും കൊളസ്ട്രോൾ ആഗിരണവും ഉത്പാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കും. ഹൃദ്രോഗ സാദ്ധ്യത കുറച്ച് ഹൃദയാരോഗ്യമേകുന്നു.
നെഞ്ചെരിയേണ്ട കാര്യമില്ല
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് ഉലുവ. ഭക്ഷണത്തിനു മുമ്പ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും. ഒരു ടീസ്പൂൺ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആസിഡ് റിഫ്ളക്സ് തടയാം. കുറച്ചു സമയം വെള്ളത്തിലിട്ട് കുതിർക്കണമെന്നു മാത്രം. ശരീരഭാരം കൂട്ടാനും ദഹനത്തിനു സഹായകമാണ്. അതോടൊപ്പം മലബന്ധവും തടയുന്നു. സാപോനിൻ, മ്യൂസിലേജ് തുടങ്ങിയ നാരുകൾ അടങ്ങിയതിനാൽ ഭക്ഷണത്തിലെ വിഷഹാരികളെ പുറന്തള്ളാനും ഉലുവ സഹായിക്കുന്നു. മലാശയ അർബുദം തടയുന്നതിനും മുന്നിലാണ്.

കാൻസറിന്റെ ശത്രു
അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉലുവയ്ക്കു കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
പനിക്കാതിരിക്കാൻ
പനി, തൊണ്ടവേദന ഇവയ്ക്ക് പരിഹാരമേകുന്നു. ഒരു ടീസ്പൂൺ നാരങ്ങ, തേൻ എന്നിവയോടൊപ്പം ഉലുവ കഴിക്കുന്നത് പനി,ചുമ, തൊണ്ട വേദന ഇവ കുറയാനും ഉത്തമമാണ്.
അമ്മമാർക്കും ഉലുവ മാജിക്
പ്രസവാനന്തര പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഉലുവ. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങുന്നതിനും ഗർഭാശയം ശുദ്ധിയാക്കുന്നതിനുമുള്ള മികച്ച ഔഷധമാണ് ഉലുവ. പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിക്കുന്നതും ഉലുവയും അരിപ്പൊടിയും ശർക്കരയും ചേർത്ത് കുറുക്കുണ്ടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ഉലുവ കാച്ചി സേവിക്കുന്നത് പ്രസവാനന്തര പരിചരണത്തിന്റെ ഭാഗമായി ചെയ്തു വരാറുള്ള ശുശ്രൂഷയാണ്. ഉലുവയിൽ അരിപ്പൊടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് ലഡുവുണ്ടാക്കി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും. മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നു. ഉലുവയിൽ അടങ്ങിയ ഡയോസ് ജെനിൻ മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉത്പാദനം കൂട്ടുന്നു. എന്നാൽ ഗർഭിണികൾ ഉലുവ അമിതമായി ഉപയോഗിക്കുന്നത് ഗർഭം അലസലിന് കാരണമാകും. ഉലുവയിൽ ഡൈസോജെനിൻ, ഐസോഫ്ളേവനുകൾ ഇവയുണ്ട്. ആർത്തവപൂർവ അസ്വസ്ഥതകൾ (പി.എം.എസ്) കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൗമാരപ്രായക്കാരിൽ ഇരുമ്പിന്റെ അഭാവം തടയാൻ ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഉലുവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം എളുപ്പമാക്കാൻ ഉരുളക്കിഴങ്ങോ തക്കാളിയോ ചേർക്കണമെന്നു മാത്രം.
ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും. ഉലുവയിലടങ്ങിയ സാപോണിൻസ് എന്ന രാസവസ്തു പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് ഓസ്ട്രേലിയയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ക്ലിനിക്കൽ ആൻഡ് മോളിക്യുലാർ മെഡിസിൻ സംഘടിപ്പിച്ച പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യത്തിലും മുന്നിലാണ്
മിതത്വമൊക്കെ വേണം!
ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. കൂടുതൽ ഉലുവ കഴിക്കുകയാണെങ്കിൽ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകൾ കഴിക്കുന്നവരിൽ ഇത് ആ മരുന്നുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. ചിലരിൽ, കൂടിയ അളവിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി അലർജി പ്രതികരണങ്ങൾ ഉണ്ടാകാവുന്നതാണ്. ചിലപ്പോൾ വയറിളക്കവും. മിതമായ അളവിൽ ഉലുവ കഴിക്കുകയാണെങ്കിൽ കുറെ നല്ല ഫലങ്ങൾ കാണാം.
എങ്ങനെയൊക്കെ കഴിക്കാം

ഏറ്റവും കൂടുതൽ ഉലുവ ഉത്പാദിപ്പിക്കുന്ന രാജ്യം. പൂക്കളിൽ നിന്ന് കായകളുണ്ടാകുകയും ഈ കായയുടെ ഉള്ളിൽ വിത്ത് കാണപ്പെടുകയും ചെയ്യുന്നു. മേത്തി, സമുദ്ര, ഹൽബമേത്തി, ഗ്രീക്ക് ഹേ, ബേർഡ്സ് ഫൂട്ട്, ഹിൽബ, കൗസ് ഹോൺ, ഗോട്ട്സ് ഹോൺ എന്നീ പേരുകളിലെല്ലാം ഉലുവ പല സ്ഥലങ്ങളിലും അറിയപ്പെടുന്നു. ഉണങ്ങിയ ഇലകളെയാണ് കസൂരി മേത്തി എന്ന് പറയുന്നത്.
ഉലുവച്ചെടി വളർത്തിയാലോ
മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിലും ഒരുപോലെ വളരുന്ന ഉലുവ കൃഷിയിടത്തിലെന്നപോലെ നിങ്ങളുടെ ബാൽക്കണിയിലും മട്ടുപ്പാവിലും ജനലരികിലെ ചെറിയ പാത്രങ്ങളിലുമെല്ലാം എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. വിത്ത് മുളപ്പിച്ച് വളർത്തുന്ന ഇലവർഗങ്ങൾ താരതമ്യേന എളുപ്പത്തിൽ വിളവെടുക്കാമെന്നതും മേന്മയാണ്. 30 ദിവസങ്ങൾ കൊണ്ട് വിളവ് ലഭിക്കും. നല്ല ഗുണനിലവാരമുള്ള മണ്ണും വെള്ളവും അനുയോജ്യമായ കാലാവസ്ഥയും മാത്രം മതി. വർഷം മുഴുവനും വേണമെങ്കിൽ കൃഷി ചെയ്യാം എന്നിരുന്നാലും വേനലിലും അതിനു തൊട്ടുമുമ്പുള്ള മാസങ്ങളിലും കൃഷി ചെയ്യുമ്പോഴാണ് കൂടുതൽ വിളവ് ലഭിക്കുന്നത്.
കടകളിൽ നിന്ന് വാങ്ങുന്ന ഉലുവയും മുളപ്പിച്ചെടുക്കാം. ഒരു ഗ്ലാസിലെ വെള്ളത്തിൽ ഉലുവയിട്ട് മൂന്ന് മിനിറ്റ് വയ്ക്കുക. അതിനുശേഷം വെള്ളം ഒഴിവാക്കി ഈ വിത്തുകൾ പേപ്പർ ടവലിൽ പൊതിഞ്ഞ് ഇരുട്ടുമുറിയിൽ വയ്ക്കുക. മസ്ളിൻ തുണിയും പൊതിയാൻ ഉപയോഗിക്കാം. മൂന്നു ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. കൂടുതൽ സമയം മണ്ണ് വരണ്ടുണങ്ങിയാൽ ചെടി നശിച്ചുപോകും. മണ്ണിൽ കമ്പോസ്റ്റും ചാണകപ്പൊടിയുമെല്ലാം ചേർത്തുകൊടുക്കാം. കീടബാധ വളരെ കുറവാണ്. 35 ദിവസമായാൽ വിളവെടുക്കാം. ഇലകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പറിച്ചെടുക്കാം. ഉലുവയായി വിളവെടുക്കാൻ പൂക്കളുണ്ടായശേഷം വിത്തുണ്ടാകുന്ന കൂടിനുള്ളിൽ നിന്ന് പുറത്തെടുക്കണം. ഈ വിത്തുകൾ വെയിലിൽ 15 ദിവസം ഉണക്കണം.
നല്ല നീർവാർച്ചയുള്ളതും പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലുള്ളതുമായ മണ്ണിലാണ് ഉലുവ വളരുന്നത്. നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശവും ആവശ്യമാണ്. മണ്ണിൽ വെള്ളമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നനയ്ക്കാവൂ. അമിതമായി വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. യഥാർഥത്തിൽ പ്രത്യേക വളപ്രയോഗമൊന്നും ആവശ്യമില്ലാതെ തന്നെ വളർന്ന് ധാരാളം ഇലകളുണ്ടാകുന്ന ചെടിയാണിത്. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുമ്പോൾ അൽപ്പം ജൈവവളം ചേർത്താൽ വളർച്ച കൂടുതലുണ്ടാകും.