
ന്യൂഡൽഹി: ഇന്ധന വിലവർദ്ധനയിൽ മോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. ജനങ്ങളെ ദുരിതത്തിലാക്കി കൊള്ളലാഭമുണ്ടാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ സോണിയ കുറ്റപ്പെടുത്തി. രാജ്യവ്യാപകമായി ഇന്ധനവില വർദ്ധിച്ച് ചിലയിടങ്ങളിൽ നൂറ് രൂപ കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ വിമർശനം.
യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വിലയുടെ പകുതിയോളമേ ഇപ്പോഴുള്ളൂവെന്നിരിക്കെ സർക്കാർ വിലകൂട്ടുകയാണ്.
വിലകുറയുന്നതിന് അനുസരിച്ചുള്ള നേട്ടം സാധാരണ ജനങ്ങൾക്ക് കിട്ടുന്നില്ല. സാമ്പത്തിക കെടുകാര്യസ്ഥത മറച്ചുവയ്ക്കാൻ ഉയർന്ന തീരുവയിലൂടെ കൊള്ള നടത്തുകയാണ്. രാജ്യധർമ്മം പാലിക്കാൻ മോദി തയാറാകണം. എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധനവിലകുറയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.