farmers

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇതിനായി സമരകേന്ദ്രമായ സിംഘു അതിർത്തിയിൽ യോഗം ചേരും.

ദേശീയപാത ഉപരോധിക്കൽ, ടോൾ പ്ലാസ തുറന്നുകൊടുക്കിൽ, ട്രാക്ടർ റാലി, ട്രെയിൻ ഉപരോധം, കിസാൻ മഹാപഞ്ചായത്തുകൾ തുടങ്ങിയവ സമരത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളിൽ നടത്തിയിരുന്നു. പുതിയ നിയമങ്ങളിൽ കേന്ദ്രം ഉറച്ചുനിൽക്കുന്നതിനാൽ കൂടുതൽ ശക്തമായ സമരം പ്രഖ്യാപിക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

ഇതിന് മുന്നോടിയായി ഫെബ്രുവരി 23 മുതൽ 28 വരെയുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചു. നാളെ ചാച്ചാ അജിത്ത് സിംഗ്, സ്വാമി സഹജാനന്ദ് സരസ്വതി എന്നിവർക്ക് സ്മരണാജ്ഞലിയായി ഓരോ പ്രദേശത്തെയും സംസ്‌കാരത്തിന് അനുസൃതമായ വിവിധ വർണങ്ങളിലുള്ള തലപ്പാവുകൾ ധരിച്ച് കർഷകർ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. ബുധനാഴ്ച താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 26 ന് യുവകിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ സമരകേന്ദ്രങ്ങളുടെയും നിയന്ത്രണചുമതല യുവാക്കൾക്ക് നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും.
ഗുരു രവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷി ദിനവുമായ 27ന് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യദിനമായും ആചരിക്കും.