മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു
അവകാശവാദം ഉന്നയിക്കില്ലെന്ന് ബി.ജെ.പി
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ സ്വന്തം എം.എൽ.എമാർ മറുകണ്ടം ചാടിയതോടെ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ഡി.എം.കെ സഖ്യസർക്കാർ വിശ്വാസവോട്ടിന്റെ കടമ്പ കടക്കാനാകാതെ നിലംപതിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തേക്കും. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ബി.ജെ.പി അട്ടിമറിച്ചെന്ന് നാരായണസാമി ആരോപിച്ചു. ഭാവിപരിപാടി പിന്നീട് തീരുമാനിക്കുമെന്ന് പ്രതിപക്ഷമായ എൻ.ആർ കോൺഗ്രസും എ.എ.എ.ഡി.എം.കെയും വ്യക്തമാക്കി.
സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കില്ലെന്നും അടുത്ത നടപടി കേന്ദ്രം തീരുമാനിക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്. ഒരു മാസത്തിനിടെ ആറ് എം.എൽ.എമാർ രാജിവച്ചതോടെ നാരായണസാമി സർക്കാർ പ്രതിസന്ധിയിലായിരുന്നു. വിശ്വാസവോട്ട് തേടാൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലെഫ്. ഗവർണർ ആവശ്യപ്പെട്ടത്.
ഇന്നലെ വിശ്വാസവോട്ടെടുപ്പിനു മുമ്പ്, സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ട് ചെയ്യാൻ സ്പീക്കർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിൽ
പ്രതിഷേധിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഭരണപക്ഷം വാക്കൗട്ട് നടത്തി. തുടർന്ന് ഭൂരിപക്ഷം തെളിയിക്കാനാകാതെ നാരായണസാമി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിച്ചു. പിന്നാലെ നാരായണസാമി രാജിക്കത്ത് ഗവർണർക്ക് കൈമാറുകയായിരുന്നു.
33 അംഗ നിയമസഭയിൽ 30 പേർ തിരഞ്ഞെടുക്കപ്പെട്ടവരും മൂന്നു പേർ നോമിനേറ്റഡ് അംഗങ്ങളുമാണ്. ഞായറാഴ്ച കോൺഗ്രസിലെ കെ. ലക്ഷ്മിനാരായണനും ഡി.എം. കെയിലെ വെങ്കിടേശ്വനും കൂടി രാജിവച്ചതോടെ ഫലത്തിൽ പുതുച്ചേരി നിയമസഭയിലെ അംഗസംഖ്യ 26 ആയി ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് 14 പേരുടെ പിന്തുണയാണ് വേണ്ടത്. സ്പീക്കർ ഉൾപ്പെടെ കോൺഗ്രസിന് 9, ഡി.എം.കെ 2, ഒരു ഇടത് സ്വതന്ത്രൻ എന്നിങ്ങനെ നാരായണസാമി സർക്കാരിന് 12 എം.എൽ.എമാരാണുള്ളത്.
പ്രതിപക്ഷ നേതാവായ എൻ. രംഗസാമിയുടെ എൻ.ആർ കോൺഗ്രസിന് എഴ്, എ.ഐ.എ.ഡി.എം.കെയ്‌ക്ക് നാല്, ബി.ജെ.പിക്ക് മൂന്ന് നോമിനേറ്റഡ് അംഗങ്ങൾ എന്നിങ്ങനെ പ്രതിപക്ഷത്ത് 14 എം.എൽ.എമാർ. എന്നാൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകരുതെന്ന കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല.
കഴിഞ്ഞ ഒരുമാസത്തിനിടെ ഭരണപക്ഷത്തു നിന്ന് എം.എൽ.എമാരായ മുൻമന്ത്രി എ. നമശ്ശിവായം, മല്ലാഡി കൃഷ്ണ റാവു, ഇ. തീപ്പയ്യന്തൻ, ജോൺകുമാർ എന്നിവർ രാജിവച്ചു. നമശ്ശിവായം ഉൾപ്പെടെ രണ്ടുപേർ ബി.ജെ.പിയിൽ ചേക്കേറി. ജൂലായിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻ. ധനവേലുവിനെ കോൺഗ്രസ് അയോഗ്യനാക്കിയിരുന്നു.
മുൻ ലെഫ്.ഗവർണർ കിരൺ ബേദി ബി.ജെ.പിക്കൊപ്പം ചേർന്ന് തന്റെ സർക്കാരിനെ തകർക്കാൻ ശ്രമിച്ചു.
-നാരായണസാമി
സ്വന്തം പരാജയം മറച്ചുവയ്ക്കാൻ കേന്ദ്രത്തെയും മുൻ ലെഫ്.ഗവർണറെയും നാരായണസാമി പഴിചാരുകയാണ്
പ്രതിപക്ഷ നേതാവ്
-രംഗസാമി