
ന്യൂഡൽഹി :വ്യാപകമായ പ്രതിഷേധത്തിന് പിന്നാലെ 25 ന് നടത്താനിരുന്ന ( കൗ സയൻസ് ) 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ പരീക്ഷ' കേന്ദ്രം മാറ്റിവച്ചു. 21 ന് നടത്തിനിരുന്ന മോക്ക് ടെസ്റ്റും മാറ്റി വച്ചതായി രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിലാണ് അറിയിപ്പുണ്ടായത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി 5 നായിരുന്നു പരീക്ഷ നടത്താൻ തീരുമാനമായത്. പാലിൽ സ്വർണമുള്ളതിനാലാണ് മഞ്ഞനിറം തുടങ്ങിയുള്ള അടിസ്ഥാനരഹിതമായ സിലബസ് ആദ്യം തന്നെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒപ്പം പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് യു.ജി.സി, എ.ഐ.സി.ടി.സി, കേന്ദ്രീയ സംഗതൻ തുടങ്ങിയവയിലെ മേധാവികൾക്ക് അയച്ച കത്ത് പുറത്തുവന്നതോടെ വിമർശനം തീവ്രമാവുകയായിരുന്നു.