coronil

ന്യൂഡൽഹി:ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചെന്ന് പറഞ്ഞ് കൊറോണിൽ പുറത്തിറക്കിയ പതഞ്ജലിയ്ക്കും കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കുമെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഐ.എം.എ അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നൽകിയ ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ രാജ്യത്തോട് വിശീദകരണം നൽകണമെന്നും ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

'കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയിൽ, ഇത്തരം അശാസ്ത്രീയമായ ഉൽപ്പന്നം ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് എത്രത്തോളം ന്യായമാണ്?. കൊറോണയെ പ്രതിരോധിക്കുമെന്ന അവകാശപ്പെടുന്ന ഈ ഉത്പ്പന്നത്തിന്റെ ക്ലിനിക്കൽ ട്രയലും മറ്റും നടപടിക്രമങ്ങളും വിശദീകരിക്കാൻ സാധിക്കുമോ' ഐ.എം.എ പ്രസ്താവനയിൽ ചോദിച്ചു. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ മെഡിക്കൽ കമ്മിഷന് കത്തെഴുതുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.