disha-ravi

ന്യൂഡൽഹി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യഹർജിയിൽ ഇന്ന് ഡൽഹി പട്യാല കോടതി അഡിഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണെ വിധി പറയും. ദിഷയെയും റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളെയും ബന്ധിപ്പിക്കുന്ന തെളിവുകൾ എവിടെയെന്ന് കഴിഞ്ഞദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. അതേസമയം, ദിഷയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ഇന്നലെ അഡിഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൂട്ടുപ്രതികളായ നികിത ജേക്കബിനും ശന്തനുവിനുമൊപ്പം ചോദ്യം ചെയ്യാൻ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നികിതയേയും ശാന്തനുവിനേയും ഡൽഹി പൊലീസിന്റെ സൈബർ സെൽ ഇന്നലെ ചോദ്യം ചെയ്തു.

ഖാലിസ്താൻ അനുകൂലസംഘവുമായി സഹകരിച്ചാണ് ദിഷ ടൂൾ കിറ്റുണ്ടാക്കിയതെന്നും അന്താരാഷ്ട്രബന്ധമുള്ള കേസാണിതെന്നുമാണ് പൊലീസിന്റെ വാദം.