modi

ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കേന്ദ്ര ബ‌ഡ്ജറ്റ്, പ്രതിരോധ മേഖലയിൽ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം' എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതിയിൽ മാത്രമല്ല പ്രതിരോധ മേഖലയിലെ കയറ്റുമതിയിലും ഇന്ത്യ പര്യാപ്തത കൈവരിക്കണം. ആയുധ ഇറക്കുമതിയിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്ത് പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപവും സാദ്ധ്യമാക്കുന്നതോടെ ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉത്പാദനം നടത്തുന്ന ആഭ്യന്തര കമ്പനികളെക്കുറിച്ചും മോദി പരാമർശിച്ചു. സുരക്ഷാ വെല്ലുവിളി പരിഹരിക്കാൻ സ്റ്റാർട്ട് അപ്പുകൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും രാജ്യം പ്രാധാന്യം നൽകാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.