esic

ഇ.എസ്.ഐയിൽ ചേർന്നത് മുതൽ സൂപ്പർ‌സ്പെഷ്യാലിറ്റി ആനുകൂല്യം

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള നിബന്ധനകളിൽ താല്ക്കാലിക ഇളവ്.
ആനുകൂല്യം കിട്ടണമെങ്കിൽ വിഹിത കാലയളവിൽ 78 ദിവസമെങ്കിലും ജോലിചെയ്യണമെന്നത് 39 ദിവസമായി കുറച്ചു. ആറുമാസം വരെ പ്രസവാനുകൂല്യം ലഭിക്കാനായി വിഹിത കാലയളവിൽ കുറഞ്ഞത് 70 ദിവസം ജോലി ചെയ്യണമെന്നത് 35 ആയും കുറച്ചു. മാർച്ച് 21വരെയാണ് ഈ ഇളവ്.

തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗ്‌വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ യോഗത്തിലാണ് തീരുമാനമെടുത്തത്.
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ ആനുകൂല്യത്തിനുള്ള അർഹത ഇ.എസ്.ഐയിൽ അംഗമായത് മുതൽ ലഭ്യമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി നടപ്പാക്കും. ഉയർന്ന ശമ്പളമുള്ള തൊഴിലാളികളെ 21000 രൂപ പരിധിയുടെ അടിസ്ഥാനത്തിൽ, വിഹിതം പിടിച്ച് ഇ.എസ്.ഐയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തിൻമേൽ അടുത്ത യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കിയതായി ബോർഡ് അംഗം വി.രാധകൃഷ്ണൻ പറഞ്ഞു. കൊല്ലം നാവായിക്കുളം, തൃശ്ശൂർ കൊരട്ടി, എറണാകുളം ആലുവ എന്നീ സ്ഥലങ്ങളിൽ ഡിസ്‌പെൻസറികൾക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ഉദ്യോഗമണ്ഡൽ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 300 ആയി ഉയർത്തും.
വാർഷിക അറ്റകുറ്റപ്പണികൾക്കും പ്രത്യേക നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇ.എസ്.ഐ റീജിയണൽ ഡയറക്ടർക്ക് അനുമതി നൽകാനുള്ള തുകയുടെ പരിധി 30 ലക്ഷത്തിൽ നിന്ന് 5 കോടിയായി ഉയർത്തി. നിരവധി പ്രോജക്ടുകളുള്ള കേരളത്തിന് ഇത് നേട്ടമാകും. ഇ.എസ്.ഐ പ്രവർത്തനങ്ങൾ വിലയിരുത്താനും പോരായ്മകൾ തിരുത്താനും സംസ്ഥാനങ്ങളിൽ സർക്കാരും തൊഴിലാളിയും തൊഴിലുടമയും ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു.