cbi

ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ കേസിലെ വാദം സുപ്രീംകോടതി ഏപ്രിൽ ആറിലേക്ക് മാറ്റി വച്ചു. കേസ് മാറ്റിവയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.കേസിൽ വാദത്തിന് തയാറാണെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇന്നലെ സി.ബി.ഐക്കുവേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ എത്തിയില്ല. അദ്ദേഹം മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു. ഇതോടെ, ഇന്നലത്തെ അവസാന കേസായി പരിഗണിക്കാൻ തയാറാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, തിരക്കുകളുള്ളതിനാൽ ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. അടുത്തയാഴ്ച മുഴുവൻ സമയവും കേസ് കേൾക്കുന്ന തരത്തിൽ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ച കോടതി, കേസ്ഏ പ്രിൽ ആറിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. ഇതോടെ, കേസ് 25 തവണയിലധികമാണ് സുപ്രീംകോടതി മാറ്റിവച്ചത്.