uttarakhand

ന്യൂഡൽഹി: കഴിഞ്ഞ ഏഴിന് ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം അസാദ്ധ്യമായതിനാൽ കാണാതായവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനാണിത്. സർക്കാരിന്റെ കണക്ക് പ്രകാരം 204 പേരാണ് അപകടത്തിൽപ്പെട്ടത്. പതിനഞ്ച് ദിവസത്തിലേറെ വ്യാപക തിരച്ചിൽ നടത്തിയിട്ടും 68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തപോവൻ - വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ എൻ.ടി.പി.സിയുടെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. കാണാതായതിലേറെയും ഇവരാണ്. തപോവനിലെ തുരങ്കം അടക്കം തുരന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 12 അടിയിലേറെ പൊക്കത്തിൽ മണ്ണും കല്ലും നിറഞ്ഞതിനാൽ തെരച്ചിൽ അസാദ്ധ്യമാണെന്നാണ് ദുരന്ത നിവാരണ സേനയുടെ വിലയിരുത്തൽ. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനത്തിന്റെ വക 4 ലക്ഷം രൂപയും കേന്ദ്രത്തിന്റെ വക 2 ലക്ഷം രൂപയും ധനസഹായം നല്കും. 2013ലെ കേദാർനാഥ് ദുരന്ത സമയത്തും കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ലഭ്യമാക്കിയിരുന്നു.