
ജാമ്യം നിഷേധിക്കാൻ ആവശ്യമായ തെളിവില്ലെന്ന് കോടതി
ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റതുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ഡൽഹി പട്യാല കോടതി ജാമ്യം അനുവദിച്ചു.
അപൂർണവും അപര്യാപ്തവുമായ തെളിവുകൾ ചൂണ്ടിക്കാട്ടിയ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ധർമ്മേന്ദർ റാണ ക്രിമിനൽ പശ്ചാത്തലമില്ലാത്ത 22കാരിക്ക് ജാമ്യം നിഷേധിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും വ്യക്തമാക്കി.
ദിഷയെ പുറത്തുവിട്ടാൽ തെളിവ് നശിപ്പിക്കുമെന്ന് ഡൽഹി പൊലീസ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
അന്വേഷണവുമായി സഹകരിക്കണം, മുൻകൂർ അനുമതിയില്ലാത്ത രാജ്യത്തിന് പുറത്തുപോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയും തതുല്യമായ രണ്ട് ആൾജാമ്യവും നൽകണം.
ഫെബ്രുവരി 13ന് ബംഗളൂരുവിൽ നിന്നാണ് ദിഷയെ ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തത്. ആറ് ദിവസം പൊലീസ് കസ്റ്റഡിയിലും രണ്ടു ദിവസം ജയിലിലും കഴിഞ്ഞു.
കേസിലെ മറ്റ് കുറ്റാരോപിതനായ ആക്ടിവിസ്റ്റ് ശാന്തനു മുൾക്ക് നൽകിയ മുൻകൂർ ജാമ്യ ഹർജി പട്യാല കോടതി ഇന്ന് പരിഗണിക്കും.
സർക്കാരിനോട് വിയോജിക്കുന്നുവെന്നത് ജയിലിലടയ്ക്കാനുള്ള കാരണമല്ല: കോടതി
ടൂൾ കിറ്റ് കേസിൽ ഡൽഹി പൊലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അഡിഷണൽ സെഷൻസ് ജഡ്ജ് ധർമ്മേന്ദ്ര റാണ തള്ളിക്കളഞ്ഞു. നിരുപദ്രവമായ ഒരു ടൂൾ കിറ്റിന്റെ എഡിറ്ററാകുന്നതും വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതും കുറ്റമല്ല. ടൂൾ കിറ്റിൽ പൊലീസ് ആരോപിക്കുന്നപോലെ അക്രമത്തിന് ആഹ്വാനമില്ല. ദിഷ രവിക്കെതിരെ വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെ പൊലീസിന് ഹാജരാക്കാനായിട്ടില്ല. സർക്കാർ നയങ്ങളിൽ വിയോജിക്കുന്നുവെന്ന കാരണം കൊണ്ടു മാത്രം പൗരൻമാരെ ജയിലിൽ അടയ്ക്കാനാകില്ല. വിയോജിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കോടതി ഉത്തരവിലെ പ്രധാനപ്പെട്ടവ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ആശയ വിനിമയം നടത്താനുള്ള മൗലികാവകാശം പൗരനുണ്ട്. ഖാലിസ്ഥാൻ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന സംഘടനയും ടൂൾ കിറ്റും തമ്മിലുള്ള ബന്ധത്തിന് തെളിവില്ല. തെളിവ് നശിപ്പിക്കാൻ വാട്‌സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്തുവെന്ന വാദത്തിന് അർത്ഥമില്ല. വിഘടനവാദ ആശയങ്ങളോട് യോജിച്ചുവെന്നതിന് തെളിവില്ല. പൊലീസ് അനുമതി നൽകിയ ട്രാക്ടർ റാലിയിൽ ശാന്തനു മുൾക്ക് പങ്കെടുത്തതിൽ തെറ്റില്ല. പൊലീസ് ആരോപിക്കുന്ന വെബ്‌സൈറ്റുകളിലെ ഉള്ളടക്കം രാജ്യദ്രോഹപരമല്ല. ആശയവിനിമയത്തിന് ഭൂമിശാസ്ത്രപരമായ അതിർത്തികളില്ല. ആഗോള അഭിപ്രായം തേടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ടൂൾക്കിറ്റിലെ ആഹ്വാനമനുസരിച്ച് ഇന്ത്യൻ എംബസികൾക്ക് നേരെ ആക്രമണം നടന്നുവെന്നതിനുള്ള തെളിവ് ഹാജരാക്കിയിട്ടില്ല.