supreme-court

ന്യൂഡൽഹി: സുപ്രീംകോടതിയിൽ വാദത്തിനിടെ ജഡ്ജിമാരെ 'യുവർ ഓണർ' എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകനെ ശാസിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ''നിങ്ങൾ നിൽക്കുന്നത് മജിസ്ട്രേറ്റ് കോടതിയിലോ അമേരിക്കയിലെ സുപ്രീംകോടതിയിലോ അല്ലെന്ന്'' ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.

ഉടൻ മാപ്പു പറഞ്ഞ അഭിഭാഷകൻ, തുടർന്ന് 'മൈ ലോർഡ്' എന്ന് അഭിസംബോധന ചെയ്തു.

''നിങ്ങൾക്ക് സുപ്രീംകോടതി ജഡ്ജിമാരെ ഏതുവിധത്തിലും അഭിസംബോധന ചെയ്യാമെങ്കിലും ഇത്തരത്തിലുള്ള തെറ്റ് ആവർത്തിക്കരുതെന്ന് '' ചീഫ് ജസ്റ്റിസ് പറഞ്ഞു.

2014 ൽ 'യുവർ ഓണർ' വിളിച്ചതിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്ത് അഭിഭാഷകനെ ശാസിച്ചിട്ടുണ്ട്.

അതസമയം, കൊളോണിയൽ കാലത്തെ 'മൈ ലോർഡ് ', ​'യുവർ ലോർഡ്ഷിപ്പ് ' വിളികൾ ആവശ്യമില്ലെന്ന് നിലവിലെ ജസ്റ്റിസുമാരായ കെ. ചന്ദ്രു,​ എസ്. മുരളീധർ എന്നിവർ അഭിഭാഷകരോട് നിർദ്ദേശിച്ചിരുന്നു.

'മൈ ലോർഡ്' എന്ന് വിളിക്കേണ്ടെന്ന് നിർദ്ദേശിച്ച് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അടുത്തിടെ ഹൈക്കോടതി രജിസ്ട്രിക്ക് അടക്കം കത്തെഴുതിയിരുന്നു.

ജഡ്ജിമാരെ 'സർ' എന്ന് അഭിസംബോധന ചെയ്താൽ മതിയെന്ന് 2006ൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു.