covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'എൻ 440 കെ" മഹാരാഷ്ട്ര, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കുതിപ്പിന് പിന്നിൽ പുതിയ കൊവിഡ് വകഭേദങ്ങളല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇ 484കെ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നിലവിൽ ലഭ്യമായ ശാസ്ത്രീയ തെളിവുകൾ പ്രകാരം ഈ വകഭേദങ്ങളല്ല രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വ‌ർദ്ധനയ്ക്ക് പിന്നില്ലെന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നീതിആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡിന്റെ യു.കെ വകഭേദം 187 പേർക്കും ദക്ഷിണാഫ്രിക്കൻ വകഭേദം 6 പേർക്കും
ഒരാൾക്ക് ബ്രസീലിയൻ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ 75 ശതമാനം ആക്ടീവ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കേരളത്തിൽ 37.85 ശതമാനവും മഹാരാഷ്ട്രയിൽ 36.87 ശതമാനവുമാണ് ആക്ടീവ് കേസുകൾ. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ ഉയരുകയാണ്. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമാകുന്നുണ്ടെങ്കിലും പ്രതിദിന രോഗികൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. പഞ്ചാബ്, ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ജമ്മുകാശ്‌മീർ എന്നീ സംസ്ഥാനങ്ങളിലും കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.