
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹി കലാപം നടന്നിട്ട് ഒരു വർഷം പിന്നിടവെ, അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് സി.പി.എം. കലാപത്തിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് മറച്ചുവയ്ക്കാൻ ഡൽഹി പൊലീസ് ശ്രമം തുടരുകയാണെന്ന് ഇരകൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു. അട്ടിമറിയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം. കലാപം നടന്ന കഴിഞ്ഞ വർഷം ഫെബ്രുവരി 22 മുതൽ 26 വരെ, സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് ആയിരക്കണക്കിന് ഫോൺ വിളികളെത്തിയെങ്കിലും പ്രതികരണമുണ്ടായില്ല. ആവശ്യമായ പൊലീസ് വിന്യാസവും നടത്തിയില്ല. ദൃക്സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുന്നില്ല. കോടതി നടപടികൾ ഇഴഞ്ഞുനീങ്ങുന്നു.