
ചർച്ചയ്ക്ക് തയാറാണെന്ന് ആവർത്തിച്ച് കേന്ദ്രം
ദിഷയെ അറസ്റ്റ് ചെയ്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് കിസാൻ മോർച്ച
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകളായിരിക്കും അണിനിരക്കുക. കർഷകർ ഇന്ത്യാഗേറ്റിന് സമീപമുള്ള പാർക്കുകൾ ഉഴുതുമറിച്ച് വിത്തിടും. നിയമങ്ങൾ റദ്ദാക്കിയില്ലെങ്കിൽ രാജ്യത്തെ സ്വകാര്യ കമ്പനികളുടെ വലിയ ഗോഡൗണുകൾ തകർക്കും. ഏത് സമയത്തും ഡൽഹി ചലോ മാർച്ചിന് സജ്ജരായിരിക്കണമെന്നും തീയതി സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കുമെന്നും രാജസ്ഥാനിലെ സിക്കറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കവെ കർഷകരോട് രാകേഷ് ടിക്കായത്ത് പറഞ്ഞു.
റിപ്പബ്ലിക് ദിന സംഘർഷങ്ങളുടെ മറവിൽ കർഷകരെ മോശക്കാരാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. കർഷകർ എന്നും ത്രിവർണ പതാകയെ ബഹുമാനിക്കുന്നവരാണെന്നും നേതാക്കൾക്കാണ് അതില്ലാത്തതെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
അതേസമയം കാർഷികനിയമങ്ങൾ ഒന്നരവർഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിച്ചാൽ സമരക്കാരുമായി ഏതു നിമിഷവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവർത്തിച്ചു. ഈ കാലയളവിൽ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാം. കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കാർഷികമേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തോമർ പറഞ്ഞു.
ടൂൾ കിറ്റ് കേസിൽ നിയമവിരുദ്ധമായി ദിഷ രവിയെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധമായി കർഷകസമരത്തെ അടിച്ചമർത്താൻ ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആ ൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.
സമരത്തെ അടിച്ചമർത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി. ഇന്നലെ ജില്ല, താലൂക്ക് തലങ്ങളിൽ കർഷകർ പ്രതിരോധദിനവും സംഘടിപ്പിച്ചു.
മോദിക്ക് 30 ലക്ഷം സന്ദേശം
കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പ്രതിദിനം ഒരു ലക്ഷം വീഡിയോ സന്ദേശങ്ങളയയ്ക്കാൻ തീരുമാനിച്ചതായി യു.പിയിലെ രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ പ്രസിഡന്റ് വി.എം.സിംഗ് അറിയിച്ചു. യു.പിയിലെ ഓരോ ഗ്രാമത്തിലും അഞ്ചു കർഷകർ വീതം രാവിലെ 9 മുതൽ അഞ്ചുവരെ ഉപവസിക്കും. തുടർന്ന് രണ്ടു മിനുട്ട് വീഡിയോ പകർത്തി തങ്ങളുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഒരു മാസത്തിനുള്ളിൽ 30 ലക്ഷം സന്ദേശം അയയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.