modi

ന്യൂഡൽഹി: വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയല്ല സർക്കാരിന്റെ ജോലിയെന്നും നാല് തന്ത്ര പ്രധാനമേഖലകളിലൊഴികെ സ്വകാര്യവത്കരണം പൂർണമായും നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ‌വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''സംരംഭങ്ങളേയും വ്യവസായങ്ങളെയും പിന്തുണയ്‌ക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സർക്കാർ വ്യവസായം ചെയ്യേണ്ട ആവശ്യമില്ല. പെരുമയുടെ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്താനാകില്ല. സർക്കാരിന്റെ ശ്രദ്ധയുണ്ടാവേണ്ടത് ജനക്ഷേമത്തിലാണ്. ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തം. തന്ത്ര പ്രധാനമേഖലകളിൽ പോലും വളരെ കുറച്ച് പൊതുമേഖല സ്ഥാപനം മതിയെന്നാണ് സർക്കാർ നയം. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങൾ നിലനിറുത്താൻ ജനങ്ങളുടെ പണം സർക്കാരിന് വിനിയോഗിക്കേണ്ടിവരുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യവത്കരണം ആവശ്യമാണെന്നും'' അദ്ദേഹം പറഞ്ഞു.

താങ്ങുവിലയിൽ വർദ്ധനവ്

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും താങ്ങുവിലയിൽ ചരിത്രപരമായ വർദ്ധനവാണ് തന്റെ സർക്കാർ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പി.എം കിസാൻ സമ്മാൻ നിധിയുടെ രണ്ടാം വാർഷികമായിരുന്നു ഇന്നലെ.

അന്നദാതാക്കളായ കർഷകർക്ക് അന്തസ്സുള്ള ജീവിതവും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പി.എം കിസാൻ സമ്മാൻ നിധി തുടങ്ങിയത്. കൃഷിക്കാർക്കായി ചെയ്ത നടപടികൾ നമോ ആപ്പിൽ കാണാൻ കഴിയുമെന്നും മോദി ട്വീറ്റ് ചെയ്തു.

രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കളായി വർഷം 6000 രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് നൽകുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് തുടങ്ങിയത്.