nodeep-kaur

പ്രക്ഷോഭങ്ങൾ എല്ലാ കാലത്തും നവീന ആശയങ്ങൾക്കും നിലപാടുകളുള്ള വ്യക്തിത്വങ്ങൾക്കും ജന്മം നൽകുന്ന ഇടങ്ങളാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആഗസ്റ്റ് ഒൻപതിന് ആരംഭിച്ച കർഷക പ്രക്ഷോഭം ഇന്ത്യയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. വഴിതടഞ്ഞും വൈദ്യുതി മുടക്കിയും ലാത്തിചാർജ് നടത്തിയും ഭരണകൂടം പ്രക്ഷോഭത്തെ ഒതുക്കാൻ ഒരു വശത്ത് നില്‌ക്കുമ്പോൾ മറുവശത്ത് രാജ്യം മുഴുവൻ മഹാപഞ്ചായത്തുകളും ട്രാക്‌ടർ റാലിയും സംഘടിപ്പിച്ച് കർഷകരും മുന്നേറുകയാണ്. ചെറുപ്പക്കാരും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരും സമർപ്പണഹൃദയമുള്ളവരുമായ നിരവധി പേരാണ് സമരത്തിന്റെ ഭാഗമാകാൻ സജീവമായി മുന്നോട്ടുവരുന്നത്. ഇതൊരു ശുഭസൂചനയുമാണ്.

കർഷകത്തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളി കൂട്ടായ്മകൾ വരെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിംഘു അതിർത്തിയിലെ പ്രക്ഷോഭത്തിൽ പങ്കുചേർന്നത് ഒരു മാറ്റത്തിന്റെ തുടക്കമായാണ് നാം കണ്ടിരുന്നത്. അതിനിടയിലാണ് കഴിഞ്ഞ മാസം 12 നൗദീപ് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആരാണ് നൗദീപ്?​


നൗദീപ്

ഹരിയാനയിലെ കുണ്ഡലി മുനിസിപ്പാലിറ്റിയിലെ വ്യവസായമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മസ്ദൂർ അധികാർ സംഘടൻ എന്ന കൂട്ടായ്മയുടെ ഭാഗമാണ് നൗദീപ്. ഹരിയാനയിലെ വ്യവസായ ശാലകളിൽ വേതനം അടക്കം തൊഴിലാളികൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിൽ ഇടപെടുന്ന വെറും ഇരുപത്തിമൂന്ന് വയസു മാത്രമുള്ള തൊഴിലാളി നേതാവ്.

പഞ്ചാബിലെ ദളിത് കുടുംബത്തിലെ അംഗമാണ് നൗദീപ്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മൂന്ന് സഹോദരിമാരുണ്ട്. 2018 ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബി.എ പഞ്ചാബിക്ക് ചേരാൻ നൗദീപ് ആഗ്രഹിച്ചു. പക്ഷേ, കുടുംബത്തിലെ ബുദ്ധിമുട്ടുകൾമൂലം അതിനു കഴിഞ്ഞില്ല. കുടുംബത്തെ പോറ്റാൻ അവൾ ജോലി ചെയ്തുതുടങ്ങി. ഡൽഹിയിലെ ഒരു ടെലികോളിംഗ് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം നൗദീപ് ജൂലായിൽ ഹരിയാനയിലെ സോനെപത് ജില്ലയിലെ കുണ്‌ഡലിയിലെ മാസ്‌ക് നിർമാണ യൂണിറ്റിൽ ചേർന്നു. ഒക്ടോബറിൽ അവർ പ്രദേശത്തെ ഗ്ലാസ് നിർമാണ യൂണിറ്റിലേക്ക് മാറി. ഈ സമയത്താണ് നൗദീപ് പ്രാദേശിക തൊഴിൽ അവകാശ സംഘടനയായ മസ്ദൂർ അധികാർ സംഘടനയുമായി സഹകരണം ആരംഭിച്ചത്. 2016 മുതൽ സജീവമായിരുന്ന സംഘടന, ഹരിയാനയിലെ വ്യവസായശാലകൾ വേതനം തടഞ്ഞുവയ്‌ക്കലും തൊഴിലാളികൾ അതിനെതിരെ ശബ്ദമുയർത്തലും പതിവാണ്. ചിലപ്പോഴെല്ലാം അവരുടെ പോരാട്ടം വിജയം കാണാറുണ്ട്. ലോക്ക്ഡൗൺ വേളയിൽ സംഘടന കൂടുതൽ പ്രാധാന്യം നേടി. തൊഴിലാളികളുടെ വേതന പ്രശ്‌നത്തിനായി ശബ്ദിച്ചു.

ജോലി സ്ഥലത്തെ സമത്വവും കരുതലും ദളിത് തൊഴിൽ അവകാശങ്ങളും അർഹമായ വേതനവുമൊക്കെ നിയമങ്ങളിലുള്ള രാജ്യമാണെങ്കിലും ഇതൊന്നും നടപ്പാകുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്. തെറ്റ് കണ്ട് നൗദീപ് ഇടപെട്ടു. അത് അവളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. എട്ടുവർഷം മുമ്പ് പഞ്ചാബിലെ മുക്തർ ജില്ലയിലുള്ള ഗ്രാമത്തിൽ സവർണരുടെ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയത് നൗദീപിന്റെ കർഷക തൊഴിലാളിയായിരുന്ന അമ്മയായിരുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ ഗ്രാമീണരുടെ ശത്രുത മൂലം നൗദീപിന്റെ കുടുംബം തെലങ്കാനയിലേക്ക് പോകാൻ നിർബന്ധിതരായി. അങ്ങനെയൊരു അമ്മയുടെ മകൾ തെറ്റുകൾക്കെതിരെ പോരാടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.തൊഴിൽ നിയമങ്ങൾ നടപ്പാക്കാത്തതിന്റെ അഭാവവും ഒരേ ജോലിക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനത്തിലെ വ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു തൊഴിലിടങ്ങളിൽ. ഇക്കഴിഞ്ഞ ഡിസംബറിലാണ് നൗദീപ് കർഷക സമരത്തിന്റെ ഭാഗമാകുന്നത്.

കർഷകപ്രക്ഷോഭം തങ്ങളുടെ അവകാശപ്പോരാട്ടത്തിനു കൂടി ഉചിതമായ സമയമായിക്കണ്ടാണ് നൗദീപ് അടക്കമുള്ള തൊഴിലാളികൾ സിംഘുവിലെ സമരത്തിലും ആവേശപൂർവം പങ്കുചേർന്നത്. പ്രതിഷേധങ്ങളിൽ സജീവമായി. ഇതോടെ നൗദീപിന് യൂണിറ്റിലെ ജോലി നഷ്ടപ്പെട്ടു. ആഴ്ചകൾക്കുശേഷം അറസ്റ്റിലുമായി. കലാപം, നിയമവിരുദ്ധമായ കൂടിച്ചേരൽ, പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പൊതുസേവകനെ തടസപ്പെടുത്തുക, അതിക്രമം തുടങ്ങി നിരവധി വകുപ്പുകളാണ് നൗദീപിനെതിരെ ചുമത്തിയത്. ജയിലിൽ പൊലീസുകാരിൽ നിന്ന് ലൈംഗികാതിക്രമങ്ങൾക്ക് വരെ ഇരയായെന്ന് നൗദീപ്

വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ചിനാണ് നൗദീപിനെ പിന്തുണച്ച് യു.എസ്. വൈസ് പ്രസിഡന്റ കമല ഹാരിസിന്റെ മരുമകളും അഭിഭാഷകയുമായ മീന ഹാരിസിന്റെ ട്വീറ്റ് പുറത്തുവന്നത്. ഇത് നൗദീപിന്റെ അറസ്റ്റിനെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ചയ്ക്ക് തുടക്കമിട്ടു. രാജ്യത്തിനകത്തും പുറത്തും ചർച്ചകളും പ്രതിഷേധങ്ങളും സജീവമായി ശേഷം കഴിഞ്ഞ 25ന് ഹരിയാന പഞ്ചാബ് കോടതി ജാമ്യം അനുവദിച്ചു.

പുതിയ പ്രകാശം

തന്റെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുള്ള ദളിത് ആക്ടിവിസ്റ്റാണ് നൗദീപ്. അനീതിയ്‌ക്കെതിരെ ശബ്ദമുയർത്താനും നൗദീപിന് മടിയില്ല. കർഷകരും തൊഴിലാളികളും ഒരുമനസോടെ കൈകോർത്ത് മുന്നേറുന്നതിന്റ പ്രാധാന്യം ഊന്നി പറയുന്നതാണ് നൗദീപിന്റെ വീഡിയോകളെല്ലാം. എ.സി റൂമിലിരുന്ന് , പൊരിവെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെയും പിന്നാക്കക്കാരുടെയും ദുരിതങ്ങളെക്കുറിച്ച് വലിയ വായിൽ അഭിപ്രായം വിളമ്പുന്ന പല വിഷയവിദഗ്ധരെക്കാളും, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയുന്നയാൾ.

ഓരോ വിഷയങ്ങളിലും അടിച്ചമർത്തപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന വർഗത്തിൽ നിന്നും വിഭാഗത്തിൽ നിന്നും നേതാക്കൾ ഉയർന്നുവരുക തന്നെ വേണം. പല വിദഗ്ധരും മാധ്യമങ്ങളിൽ തങ്ങൾക്കുള്ള ബന്ധങ്ങൾ സമർത്ഥമായി പ്രയോജനപ്പെടുത്തി സമരത്തിന്റെ നേതൃപദവിയിലേക്ക് അവരോധിക്കപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രക്ഷോഭവും പോരാട്ടവും കർഷകരുടെയും അവരുടെ സംഘടനകളുടെയും നിയന്ത്രണത്തിൽ തന്നെ മുന്നോട്ടു പോവുകയാണ് വേണ്ടത്.

വ്യവസായമേഖലയിലെയും കാർഷിക മേഖലയിലെയും തൊഴിലാളികളുടെ വിഷമജീവിതങ്ങളെക്കുറിച്ച് അവർ നടത്തിയ നൗദീപിന്റെ തുറന്നുപറച്ചിലുകൾ ചർച്ച ചെയ്യപ്പെടണം. കസ്റ്റഡിയിൽ അവർ നേരിട്ട പീഡനങ്ങൾ അന്വേഷിക്കാനും ആവശ്യമുയരണം. ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ പട്ടികജാതിവർഗ കമ്മിഷനും സ്വമേധയാ ഇടപെടേണ്ട വിഷയമായിരുന്നു ഇത്. അവനവന്റെയും തന്റെയും സഹജീവികളുടെയും അവകാശത്തിനും അന്തസോടെയുള്ള ജീവിതത്തിനും വേണ്ടി വാദിക്കുന്നത് കുറ്റകൃത്യമല്ല, നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന അധികാരമാണ്. നൗദീപ് വിനിേയാഗിച്ചു കൊണ്ടിരിക്കുന്നതും അതു മാത്രമാണ്.