
പുനർ നിർണയിക്കേണ്ടത് 2017 മുതലുള്ള ഫീസെന്ന് സുപ്രീംകോടതി
ഫീസ് നിർണ്ണയ കമ്മിറ്റി മാനേജ്മെന്റുകളുടെ എല്ലാ രേഖകളും പരിശോധിക്കണം
ന്യൂഡൽഹി: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2017 മുതലുള്ള ഫീസ് പുനർ നിർണയിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. 2017 ലെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു എസ്.രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഫീസ് നിർണയ കമ്മിറ്റി മാനേജ്മെന്റുകളുമായി ചർച്ച ചെയ്ത് ചൂഷണരഹിതവും മിതവുമായ ഫീസ് നിശ്ചയിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിർദേശം.
2017 -18 മുതലുള്ള ഫീസ് നിർണയം സംബന്ധിച്ച നടപടിക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണം.അതിന് മുൻപുള്ള വർഷങ്ങളിലെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതും ഈ കാലയളവിൽ പരിഹരിക്കണം.പ്രശ്‌നം നീണ്ടിക്കൊണ്ടുപോകുന്നതു കൊണ്ട് വിദ്യാർത്ഥികൾക്കോ, മാനേജുമെന്റുകൾക്കോ യാതൊരു ലാഭവുമില്ല.
മാനേജുമെന്റുകളുടെ കൈവശമുള്ള ആഡിറ്റ് ബാലൻസ് ഷീറ്റുകളും പ്രൊഫഷണൽ പ്രോഫിറ്റും മാത്രം മുൻനിറുത്തിയോ, മാനേജ്മെന്റുകള്‍ ഹാജരാക്കുന്ന ലാഭനഷ്ട കണക്കുകള്‍ പരിശോധിച്ചോ വാർഷിക ഫീസ് നിർണയിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പിഴവുണ്ട്.അതിന് പകരം,
മാനേജുമെന്റുകൾ ലഭ്യമാക്കുന്ന ഏത് രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ട ഫീസ് ഭീമമാണെന്ന് കണ്ടെത്തിയാൽ, ഫീസ് നിർണയ സമിതിക്ക് മാനേജ്‌മെന്റുകളിൽ നിന്ന് എന്ത് രേഖകകളും ആവശ്യപ്പെടാം.മാനേജുമെന്റുകൾ സമിതിയുമായി സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നത് 11 മുതൽ 22 ലക്ഷം രൂപ വരെ
നിലവിൽ 6.55 ലക്ഷം രൂപയാണ് ഫീസ് നിർണയ സമിതി നിർണയിച്ച ഫീസ്. എന്നാൽ 11 മുതൽ 22 ലക്ഷം രൂപ വരെയാണ് മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നത്. സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി 11 ലക്ഷം രൂപ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാൻ 2017 ൽ സുപ്രിംകോടതി അനുവദിച്ചിരുന്നു. അതിനാൽ ഇക്കാലയളവിലെ ഫീസ് പുനനിർണയിക്കാനാണ് ഇപ്പോൾ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.2017 മുതൽ സംസ്ഥാനത്തെ വിവിധ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ച 12,000 ത്തോളം വിദ്യാർത്ഥികളെയാവും സുപ്രീംകോടതി വിധി ബാധിക്കുക.