
ന്യൂഡൽഹി: സ്വവർഗ വിവാഹം മൗലികാവകാശമായി കണക്കാക്കാൻ നിയമമില്ലെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ. ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ രണ്ട് പേർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതും (ലിവിംഗ് ടുഗെദർ) സ്വവർഗ രതിയുമൊക്കെ ഭർത്താവ്, ഭാര്യ, കുഞ്ഞ് എന്ന ഭാരതീയ കുടുംബ വ്യവസ്ഥിതിയ്ക്ക് എതിരാണെന്ന് കേന്ദ്രം പറയുന്നു.
പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകൃത്യമല്ലെന്ന് 2018ൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ സ്വവർഗ വിവാഹങ്ങൾ നിയമപരമല്ല. ഇതിന് മാറ്റം വരുത്താൻ നിയമഭേദഗതി ആവശ്യമാണ്. സ്വവർഗ വിവാഹം നിയമപരമാക്കുന്നത്, രജിസ്ട്രേഷൻ നടപടികൾക്ക് അപ്പുറത്തേക്ക് കുടുംബപ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം.
രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും വിവാഹം പവിത്രമായി കണക്കാക്കുന്നു. ചട്ടങ്ങൾക്കും നിയമങ്ങൾക്കും അതീതമായി ജന്മനാ ആണും പെണ്ണുമായ വ്യക്തികൾ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരവും സാമൂഹിക മൂല്യങ്ങളും പാലിച്ചുകൊണ്ടാണ് വിവാഹം നടത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
ഹർജി പരിഗണിക്കുന്നത് ഏപ്രിൽ 20ലേക്ക് മാറ്റി. എൽ.ജി.ബി.ടി പ്രവർത്തകരായ അഭിജിത്ത് ഐയ്യർ മിത്ര, തമിഴ്‌നാട് സ്വദേശിയും ആക്ടിവിസ്റ്റുമായ എം.ഗോപിശങ്കർ എന്നിവരാണ് ഹർജിക്കാർ.