
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് വഴിയൊരുക്കുന്ന 2018 ഒക്ടോബറിലെ കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ സമർപ്പിച്ച അപ്പീൽ ഹർജിയിൽ അടുത്ത മാസം 23 മുതൽ സുപ്രീംകോടതി തുടർച്ചയായി വാദം കേൾക്കും. കേസ് നീട്ടിവയ്ക്കരുതെന്ന ഇ.പി.എഫ്.ഒയുടെ അഭ്യർത്ഥന കണക്കിലെടുത്താണ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
ഹൈക്കോടതി ഉത്തരവിനെതിരെ ഇ.പി.എഫ്.ഒയുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും ഹർജികളിലും അനുബന്ധ ഹർജികളുമാണ് ഇന്നലെ കോടതി പരിഗണിച്ചത്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ മുൻകാലപ്രാബല്യത്തോടെ അനുവദിച്ചാൽ 13 ലക്ഷം കോടിയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് ഇ.പി.എഫ്.ഒയുടെ വാദം. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടുള്ള 2019ലെ സ്വന്തം ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ മാസം 30ന് പിൻവലിച്ചിരുന്നു. ഇ.പി.എഫ്.ഒയുടെ പുനഃപരിശോധനാ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി.