social

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങൾ, ഓൺലൈൻ വാർത്താപോർട്ടലുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കർശന മാർഗരേഖയുമായി കേന്ദ്രസർക്കാർ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലിംഗാടിസ്ഥാനത്തിലുള്ള അധിക്ഷേപം, അശ്ലീലം, കുട്ടികൾക്കെതിരായ ലൈംഗികത, കുട്ടികളെ മോശമായി ബാധിക്കുന്നവ, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ പ്രോത്സാഹനം തുടങ്ങിയവ വിലക്കിയുള്ള നൈതിക ചട്ടവും ഒ.ടി.ടികളുടെയും ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും ഡിജിറ്റൽ മീഡിയകളുടെയും പരാതി പരിഹാരത്തിന് കേന്ദ്ര മേൽനോട്ടമടക്കമുള്ള ത്രിതല സംവിധാനവും ഏർപ്പെടുത്തിയുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻഡ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് ഇന്നലെ പുറത്തിറക്കി.

സ്ത്രീകൾക്കെതിരെ നഗ്ന ചിത്രം, സന്ദേശം, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കിയിരിക്കണം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ഐക്യം, പ്രതിരോധം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്യണം. അധികൃതർ വിലക്കുന്ന അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിലും മാറ്റണം. കോടതിയോ സർക്കാരോ ആവശ്യപ്പെട്ടാൽ അധിക്ഷേപകരമായ പോസ്റ്റുകൾ ആരാണ് ആദ്യം പങ്കുവച്ചതെന്ന വിവരം കൈമാറണം. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉൾപ്പടെ ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെയും സുപ്രീംകോടതിയുടെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മാർഗരേഖ പുറത്തിറക്കിയത്. ബ്ലോഗുകളും ഓൺലൈൻ ചർച്ചാ വേദികളടക്കവും പരിധിയിൽ വരും.

മറ്റു നിർദ്ദേശങ്ങൾ

 ഡിജിറ്റൽ മാദ്ധ്യമങ്ങൾ പ്രസ് കൗൺസിൽ, കേബിൾ ടിവി റെഗുലേഷൻ ആക്ട് എന്നിവയുടെ മാനദണ്ഡം പാലിക്കണം

 ഒ.ടി.ടികൾക്ക് നിർബന്ധിത രജിസ്‌ട്രേഷനില്ല. ഉള്ളടക്കം തയാറാക്കുന്നവരുടെ വിവരങ്ങൾ കൈമാറണം
 സമൂഹമാദ്ധ്യമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വിലാസമുണ്ടായിരിക്കണം

 പോസ്റ്റുകൾ നീക്കം ചെയ്യുന്നത് കാരണസഹിതം മുൻകൂട്ടി അറിയിക്കണം

 ഒ.ടി.ടികളിലെ ഉള്ളടക്കം പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 ആയി തിരിക്കണം

സമൂഹമാദ്ധ്യമ ഭീമന്മാർക്ക്

കടിഞ്ഞാൺ


ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ വമ്പൻ സമൂഹമാദ്ധ്യമങ്ങൾക്ക് അധിക മാർഗനിർദ്ദേശങ്ങളും നൽകി. ഇന്ത്യയിൽ തന്നെ താമസിക്കുന്ന ഒരു മുഖ്യപരാതി പരിഹാര ഓഫീസറെ നിയമിക്കണം. പരാതി സ്വീകരിച്ച അറിയിപ്പ് 24 മണിക്കൂറിനകം നൽകണം. 15 ദിവസത്തിനകം തീർപ്പുണ്ടാക്കണം. നിയമനിർവഹണ ഏജൻസികളുമായി 24 മണിക്കൂറും സഹകരിക്കാൻ നോഡൽ ഓഫീസർ. പരാതി പരിഹാര പ്രവർത്തനങ്ങൾക്ക് റെസിഡന്റ് ഗ്രീവൻസ് ഓഫീസറും വേണം.

ലഭിച്ച പരാതികളും എടുത്ത നടപടികളും നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ വിവരങ്ങളും എല്ലാ മാസവും പ്രസിദ്ധീകരിക്കണം

ഇന്ത്യയിലെ ഉപയോക്താക്കൾ

വാട്‌സാപ്പ് - 53 കോടി
യുട്യൂബ് - 44.8 കോടി
ഫേസ്ബുക്ക് - 41 കോടി
ഇൻസ്റ്റഗ്രാം- 21 കോടി
ട്വിറ്റർ- 1.75 കോടി

ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് ത്രിതല
പരാതി പരിഹാര സംവിധാനം

പേജ്- 5