
ചെന്നൈ: ബ്രഹ്മാണ്ഡ തമിഴ് പടത്തെ വെല്ലുന്ന നാടകീയ നീക്കങ്ങളാവും ഇക്കുറി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറുക. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനു ശേഷമുള്ള സുപ്രധാന തിരഞ്ഞെടുപ്പിൽ 'നായിക' വേഷം പയറ്റാനുള്ള ഒരുക്കത്തിലാണ് 'ചിന്നമ്മ' വി.കെ. ശശികല. ജയിൽ മോചിതയായി ചെന്നൈയിലെത്തിയ ശേഷമുള്ള ശശികലയുടെ ഓരോ നീക്കവും പാർട്ടിയും പദവിയും ലക്ഷ്യമിട്ടാണ്.
ആകെ 234 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിയേയും ചെറുകക്ഷികളേയും ചേർത്ത് ഭരണത്തുടർച്ച ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എ.ഐ.എ.ഡി.എം.കെ. ദേശീയ പാർട്ടികൾക്ക് വലിയ റോളില്ലാത്ത തമിഴ്‌നാട്ടിൽ, ഒരു മാസത്തിനിടെ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും പ്രചാരണവുമൊക്കെയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് മൂന്ന് തവണ. അമിത് ഷാ, ജെ.പി നദ്ദ, രാജ്‌നാഥ് സിംഗ്, നിർമ്മലാ സീതാരാമൻ തുടങ്ങി ദേശീയ നേതാക്കൾ തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മുന്നണി വീണ്ടും ഭരണം പിടിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിലാണ് ബി.ജെ.പിയുടെ നോട്ടം.
ഒന്നിച്ചു നിന്ന് പൊതുശത്രുവായ ഡി.എം.കെയെ തറപറ്റിക്കുന്നതിനൊപ്പം, എടപ്പാടി പളനിസാമിയെയും ഒ. പനീർസെൽവത്തെയും പ്രതിരോധത്തിലാക്കി പാർട്ടിയിൽ പിടി മുറുക്കാനുള്ള നീക്കത്തിലാണ് ശശികല. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ശശികല സമർപ്പിച്ച ഹർജിയിൽ മാർച്ച് 15 ന് വാദം കേൾക്കും. പാർട്ടിയിലെ പ്രമുഖരിലൊരു വിഭാഗം ചിന്നമ്മയോടു കൂറ് കാട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 10 വർഷത്തെ വിലക്കുള്ളതിനാൽ, നേരിട്ടൊരു മത്സരത്തിന് ചിന്നമ്മയ്ക്ക് കഴിയില്ലെന്ന ആശ്വാസത്തിലാണ് എതിർപക്ഷം.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. . ബി.ജെ.പി വിരുദ്ധ മുന്നണിയായി ചിത്രീകരിച്ചാണ് കോൺഗ്രസിനൊപ്പം ഡി.എം.കെ സഖ്യം പോരാട്ടത്തിന് ഒരുങ്ങിയതെങ്കിലും ,പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് പിന്നാലെ, സീറ്റ് വിഭജനത്തിൽ പേരിൽ ഭിന്നത രൂക്ഷമാണ്. കോൺഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റേ നൽകാനാകൂവെന്ന് ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം മുന്നണിയുമായി
കമലഹാസൻ
ദ്രാവിഡ പാർട്ടികൾക്ക് ബദലായി മൂന്നാം മുന്നണി രൂപീകരണത്തിനൊരുങ്ങിയാണ് കമലഹാസന്റെ രംഗ പ്രവേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമലിന്റെ പാർട്ടിയായ
മക്കൾ നീതി മയ്യം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും കമൽ മത്സരിച്ചിരുന്നില്ല. ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.