
പുതുച്ചേരി: രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന പുതുച്ചേരിയെ സംബന്ധിച്ചിടത്തോളം നിയമസഭാ തിരഞ്ഞെടുപ്പ് അത്യന്തം പ്രാധാന്യമേറിയതാണ്. ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പുതുച്ചേരിയിൽ താമര വിരിയിക്കാനുള്ള പെടാപ്പാടിലാണ് ബി.ജെ.പി.
കോൺഗ്രസ് - ഡി.എം.കെ. സഖ്യം ഭരണപക്ഷത്തും എൻ.ആർ.കോൺഗ്രസ് (പ്രധാനപ്രതിപക്ഷം) , എ.ഐ.ഡി.എം.കെ., ബി.ജെ.പി എന്നിവർ പ്രതിപക്ഷത്തുമാണ്.
3 നോമിനേറ്റഡ് അംഗങ്ങളുൾപ്പെടെ 33 അംഗങ്ങളുള്ള നിയമസഭയിൽ 15 സീറ്റ്‌നേടിയാണ് കോൺഗ്രസ് 2016ൽ അധികാരത്തിലെത്തിയത്.
കാൽ നൂറ്റാണ്ടിനിടെ നാല് തവണ പിളർന്നിട്ടും പുതുച്ചേരിയിലെ കോൺഗ്രസിനു വലിയ പരുക്കൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. രണ്ടു പതിറ്റാണ്ടിനിടെ അഞ്ചു വർഷം മാത്രമാണ് കോൺഗ്രസ് ഭരണത്തിന് പുറത്തായത്. അന്നു ഭരിച്ചതാകട്ടെ, കോൺഗ്രസിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ എൻ. രംഗസ്വാമി രൂപീകരിച്ച എൻ.ആർ.കോൺഗ്രസ്. നിലവിലെ സ്ഥിതി അതല്ല.
നാമനിർദേശത്തിലൂടെ പാർട്ടിക്ക് നിയമസഭാ പ്രാതിനിധ്യമുണ്ടാക്കിയും കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടു പിടിച്ചും ബി.ജെ.പി പുതുച്ചേരിയിൽ 'ഓപ്പറേഷൻ കമല' നടപ്പിലാക്കി കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി.
വിശ്വാസം തെളിയിക്കാനാകാതെ സർക്കാർ വീണതോടെ രാഷ്ട്രപതി ഭരണത്തിലേക്ക് കേന്ദ്ര ഭരണപ്രദേശം നീങ്ങിയിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിച്ച് കഴിഞ്ഞ തവണ മൂന്ന് ശതമാനം മാത്രം വോട്ടു നേടിയ ബി.ജെ.പിയുടെ ശൂന്യതയിൽ നിന്നു ഭരണം പിടിക്കാനുള്ള പരീക്ഷണം കോൺഗ്രസിനെ ഉലച്ചിട്ടുണ്ട്. ഒപ്പം സഖ്യകക്ഷിയായ ഡി.എം.കെ ഇടഞ്ഞു നിൽക്കുന്നതും പാർട്ടിലെ കൊഴിഞ്ഞു പോക്കും തലവേദനയാണ്. 30 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കത്തിലാണ് ഡി.എം.കെ.
പുതുച്ചേരിയിലെ രാഷ്ട്രീയ കളത്തിൽ ബി.ജെ.പി ഒരിക്കലും പ്രധാന ഘടകമായിരുന്നില്ല. 2001ൽ ജയിച്ച ഒറ്റ എം.എൽ.എയിലൊതുങ്ങുന്നു അവരുടെ രാഷ്ട്രീയ ചരിത്രം.നിലവിൽ കോൺഗ്രസിൽ നിന്നു കൂറുമാറിയവരിൽ നമശിവായവും ജോൺ കുമാറും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരാണ്. ഇവരിലൂടെ താമരവിരിയിച്ച് പുതുച്ചേരിയിൽ സ്വന്തം സർക്കാരാണ് ബി.ജെ.പിയുടെ ലക്ഷ്യം.എന്നാൽ സഖ്യ കക്ഷിയായ എൻ.ആർ. കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും അതിന് തയാറാകുമോയെന്നതാണ് മറുചോദ്യം.