
ന്യൂഡൽഹി: കൊവിഡ് മുൻകരുതലിന്റെ ഭാഗമായി എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് പോളിംഗ്.
തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളിലും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.വോട്ടർമാർക്ക് സാനിറ്റൈസറും കൈയുറയും നൽകും. വോട്ടർമാരുടെ താപനില പരിശോധിക്കും. സമൂഹമാദ്ധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിയമം പഠിച്ചശേഷം പ്രത്യേക മാർഗനിർദ്ദേശങ്ങൾ കമ്മിഷൻ പിന്നീട് പുറത്തിറക്കും.
14ാം കേരള നിയമസഭയുടെ കാലാവധി ജൂൺ ഒന്നിനാണ് അവസാനിക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ
- വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർമാത്രം.
- റോഡ് ഷോയിൽ ഒരു വാഹനവ്യൂഹത്തിൽ അഞ്ചു വാഹനങ്ങൾ മാത്രം.
- രണ്ട് വാഹനവ്യൂഹങ്ങൾ തമ്മിലുള്ള ഇടവേള അരമണിക്കൂർ ആയിരിക്കണം. നേരത്തേ 100 മീറ്ററായിരുന്നു.
- പത്രികാസമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ പാടുള്ളൂ.
- സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരിമാവധി തുക 30.8 ലക്ഷം രൂപ.
- പ്രശ്‌നബാധിതമായ എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും അധിക സേനാവിന്യാസം
- സ്ഥാനാർത്ഥികൾ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം.
-കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പൊതുയോഗം ചേരാവൂ..
- മാനദണ്ഡങ്ങൾ ലംഘിച്ചാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി
- എല്ലാ നിയമസഭാ മണ്ഡലത്തിലും സാധ്യമായ ഒരു പോളിംഗ് ബൂത്തിന്റെ പൂർണ ചുമതല വനിതകൾക്കായിരിക്കണം. ആ ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർ വനിതകളായിരിക്കണം.
- ഇ.വി.എം ബാലറ്റ് പേപ്പറിലും പോസ്റ്റൽ ബാലറ്റിലും സ്ഥാനാർത്ഥികളുടെ ചിത്രവും പതിപ്പിക്കും
പോസ്റ്റൽ ബാലറ്റ്
ഭിന്നശേഷിക്കാർ
80 വയസിന് മുകളിലുള്ളവർ
അവശ്യസർവീസിലുള്ളവർ
കൊവിഡ് രോഗികൾ, ക്വാറന്റൈനിലുള്ളവർ