
ന്യൂഡൽഹി: അസാമിൽ ഭരണത്തുടർച്ച തേടി ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഇറങ്ങുമ്പോൾ പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴിലാക്കി ഭരണം തിരിച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ പോരാട്ടം.
കഴിഞ്ഞ മാസങ്ങൾക്കിടെ പല തവണ പ്രധാനമന്ത്രി നരേന്ദ്രമോദി അസാമിൽ നേരിട്ടെത്തി ബി.ജെ.പി പ്രചാരണത്തിന് കളമൊരുക്കിയിരുന്നു.
മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലും കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയും നടത്തിയ വികസന നേട്ടങ്ങളാണ് ബി.ജെ.പിയുടെ പ്രചാരണ തുറുപ്പുചീട്ട്. അസാം ഗണപരിഷത്ത്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളാണ് എൻ.ഡി.എയിലുള്ളത്.
വിശാല മുന്നണി രൂപീകരിച്ചാണ് കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുന്നത്. എ.ഐ.യു.ഡി.എഫ്, രാജ്യസഭാംഗവും മാദ്ധ്യമപ്രവർത്തകനുമായ അജിത്ത്കുമാർ ഭുയ്യാന്റെ അഞ്ചലിക്ക് ഗണമോർച്ച, സി.പി.എം, സി.പി.ഐ, സി.പി.എം.എൽ എന്നിങ്ങനെ ആറ് പാർട്ടികളാണ് മുന്നണിയിലുള്ളത്. ഇത് കൂടാതെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അഖിൽ ഗോഗോയിയുടെ രായ്ജോർ ദൾ, ആൾ അസാം സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ രൂപപ്പെട്ട അസാം ജാതിയ പരിഷത്ത് എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.
മൂന്നുതവണ തുടർച്ചയായി അസാമിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച തരുൺ ഗോഗോയിയുടെ വിടവ് പാർട്ടിയിൽ നിഴലിക്കുന്നുണ്ട്.
ഗോഗോയിയാണ് പ്രതിപക്ഷ കക്ഷികളെ ചേർത്തുള്ള വിശാല മുന്നണിക്കുള്ള ശ്രമം നടത്തിയത്.
കുടിയേറ്റക്കാരേറെയുള്ള അസാമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നിലനില്ക്കുന്ന ശക്തമായ പ്രതിഷേധം വോട്ടാക്കി മാറ്റാമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ. അതേസമയം അഖിൽ ഗോഗോയിയുടെ പാർട്ടി വിശാല മുന്നണിയിലേക്ക് വന്നില്ലെങ്കിൽ വോട്ട് ഭിന്നിക്കും. അതേസമയം, കൊവിഡ് വാക്സിന് ശേഷം പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിക്കുന്നുണ്ട്.
2016
ബി.ജെ.പി - 60
അസാം ഗണപരിഷത്ത് -14
ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി -12
കോൺഗ്രസ് -26
എ.ഐ.യു.ഡി.എഫ് - 13
സ്വതന്ത്രൻ -1