bangal

ന്യൂഡൽഹി : ജീവൻ മരണ പോരാട്ടത്തിലാണ് പശ്ചിമബംഗാൾ. ഒരുഭാഗത്ത് മുഖ്യമന്ത്രി മമത ബാനർജി. മറുഭാഗത്ത് മോദിയും അമിത് ഷായും അടങ്ങുന്ന ബി.ജെ.പി ദേശീയ നേതൃത്വം മുഴുവനും. ഇതിനിടയിൽ നിലനിൽപ്പിനായി കൈകോർത്ത് ഇടതുപക്ഷവും കോൺഗ്രസും.

മുൻകേന്ദ്രമന്ത്രി മുകുൾ റോയി‌യും, വലംകൈയായ സുവേന്ദു അധികാരിയും അടക്കം പല മുതിർന്ന നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ കടുത്ത സമ്മർദ്ദത്തിലാണ് മമത. സി.പി.എമ്മിനെ തകർത്ത് 2011ലാണ് തൃണമൂൽ ബംഗാൾ ഭരണം തുടങ്ങിയത്. 2011ലും 16ലും ഇടതുപക്ഷമായിരുന്നു എതിരാളിയെങ്കിൽ ഇന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിക്ക് 2019ലെ ലോക്സഭ തിര‌ഞ്ഞെടുപ്പിൽ 18 സീറ്റ് ലഭിച്ചു. ഇതിന് പിന്നാലെയാണ് ബംഗാൾ പിടിക്കാൻ ബി.ജെ.പി കച്ചകെട്ടി ഇറങ്ങിയത്. മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കൾ വമ്പൻ പ്രചാരണങ്ങളുമായി ഇടതുപക്ഷത്തെ മറികടന്ന് പ്രധാന എതിരാളി സ്ഥാനം പിടിച്ചെടുത്തു. മോദി അമിത് ഷാ ദ്വയത്തെ മമതയെ മാത്രം മുൻനിറുത്തി നേരിടേണ്ട സ്ഥിതിയിലാണ് തൃണമൂൽ.

ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ആയിരക്കണക്കിനാളുകളുള്ള സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമമാണ് ബി.ജെ.പിയുടെ പ്രധാനപ്രചാരണായുധം. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് വാഗ്ദാനം. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ആരുമില്ലെന്നതും റാലികളിലെ ആൾക്കൂട്ടങ്ങൾക്ക് അപ്പുറത്ത് ആഴത്തിലുള്ള സംഘടനാശേഷി സംസ്ഥാനത്ത് ബി.ജെ.പിക്കില്ലെന്നതും വെല്ലുവിളിയാണ്.

മുസ്ലിം സമുദായത്തിൽ വൻ സ്വാധീനമുള്ള ഹൂഗ്ലിയിൽ പിർസാദ അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പാർട്ടിയുമായി സഖ്യമുണ്ടാക്കാനായത് ഇടത് - കോൺഗ്രസ് കൂട്ടുകെട്ടിന് പ്രതീക്ഷയായിട്ടുണ്ട്. സിദ്ദിഖിയുമായി ചേർന്ന് ബംഗാളിൽ പരീക്ഷണം നടത്താനൊരുങ്ങിയ അസദ്ദുദീൻ ഒവൈസിയുടെ സാദ്ധ്യത ഇതോടെ മങ്ങി. അതേസമയം 30 ശതമാനം ന്യൂനപക്ഷവോട്ടർമാരുള്ള സംസ്ഥാനത്ത് ആ വോട്ട് ഭിന്നിക്കുന്ന അവസ്ഥ ബി.ജെ.പിക്ക് നേട്ടമാകുമോയെന്ന ആശങ്ക തൃണമൂലിനുണ്ട്.


2016

തൃണമൂൽ - 211
സി.പി.എം -26
കോൺഗ്രസ് - 44
ബി.ജെ.പി - 3
ഫോർവേഡ് ബ്ലോക്ക് - 2
സ്വതന്ത്രൻ - 1
ആർ.എസ്.പി - 3
സി.പി.ഐ -1
ഗൂർഖ ജൻമുക്തി മോർച്ച - 3