
ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജനുവരി 12ന് അറസ്റ്റിലായ ദളിത് തൊഴിലാളി ആക്ടിവിസ്റ്റ് നൗദീപ് കൗറിന് ജാമ്യം. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പ്രതിഷേധം ചെറുതായിപ്പോലും അതിരുവിടാൻ പാടില്ലെന്നും ജാമ്യം അനുവദിക്കവേ ജസ്റ്റിസ് അവ്നീഷ് ജിൻഗാൻ അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർന്ന കൂലി ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് കൗറിനെ അറസ്റ്റ് ചെയ്തത്. നൗദീപിനെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ആദ്യം വീട്ടുകാർക്കു പോലും അറിവുണ്ടായിരുന്നില്ല. നിലവിൽ ഹരിയാനയിലെ കർനാൽ ജയിലാണ് നൗദീപ്. വധശ്രമം,കൊള്ള, ക്രിമിനൽ ഗൂഢാലോചന, പൊലീസിനെ ആക്രമിക്കൽ, അതിക്രമിച്ചുകടക്കൽ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് പൊലീസ് നൗദീപ് കൗറിന് മേൽ ചുമത്തിയത്.
 കസ്റ്റഡിയിൽവെച്ച് പൊലീസ് തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കൗർ ആരോപിച്ചിരുന്നു. എന്നാൽ അധികൃതർ ആരോപണം നിഷേധിക്കുകയായിരുന്നു.