flight

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമുള്ളവർക്ക് ഇനി ടിക്കറ്റ് നിരക്കിൽ ഇളവ്. ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഇതു സംബന്ധിച്ച് ആഭ്യന്തര വിമാനക്കമ്പനികൾക്ക് അനുമതി നൽകി.

നിലവിലെ ചട്ടമനുസരിച്ച് ഒരു യാത്രക്കാരന് ഏഴു കിലോ ക്യാബിൻ ബാഗേജും 15 കിലോ ചെക്ക് ഇൻ ബാഗേജും യാത്രയിൽ കരുതാം. കൂടുതൽ ഭാരത്തിന് അധിക തുക ഈടാക്കും. പുതിയ ചട്ടം സീറോ ബാഗേജ് / നോ ചെക്ക് ഇൻ ബാഗേജ് ചരക്കുകൂലി സൗജന്യത്തിന് വിമാനക്കമ്പനികൾക്ക് അനുമതി നൽകും. ടിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തും. എന്നാൽ യാത്രാസമയത്ത് ബാഗേജ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ അധിക തുക വിമാനത്താവള കൗണ്ടറിൽ ഈടാക്കും.

സീറ്റുകളിലെ മുൻഗണന, ഭക്ഷണം, പാനീയം, ലഘുഭക്ഷണം, വിശ്രമമുറി, കായികോപകരണങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയ അധിക സേവനങ്ങൾ യാത്രക്കാരൻ പ്രത്യേകം ആവശ്യപ്പെട്ടതല്ലെങ്കിൽ അതിന് നിരക്ക് ഈടാക്കരുത്. അതേസമയം, ഇഷ്ടാനുസരണം സ്വീകരിക്കാവുന്ന അധിക സേവനങ്ങൾക്കുള്ള നിരക്ക് വിമാനക്കമ്പനികൾക്ക് നിശ്ചയിക്കാം. അധികസേവന നിരക്കുകളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികളെത്തുടർന്നാണ് പുതിയ നിർദ്ദേശം.