gogoi

ന്യൂഡൽഹി: രാജ്യത്തെ ജുഡിഷ്യറി കുത്തഴിഞ്ഞു കിടക്കുകയാണെന്ന പരാമർശത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നിഷേധിച്ചു. ഗൊഗോയിയുടെ പരാമർശം സദുദ്ദേശത്തോടെയാണെന്ന് കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.

ഫെബ്രുവരി 12ന് ഒരു കോൺക്ലേവിൽ പങ്കെടുക്കവെയാണ് രാജ്യത്തെ ജുഡിഷ്യൽ സംവിധാനത്തിലെ പോരായ്‌മകളെക്കുറിച്ച് ഗൊഗോയി പരാമർശിച്ചത്.

നിങ്ങൾക്ക് കുത്തഴിഞ്ഞ ജുഡിഷ്യറിയാണുള്ളത്. കോടതിയിൽ പോയാൽ സ്വയം വിഴുപ്പലക്കാമെന്നല്ലാതെ ഉത്തരവ് ലഭിക്കില്ലെന്നുമായിരുന്നു ഗൊഗോയിയുടെ പരാമർശം. ഇത്

കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സാകേത് ഗോഖലെയാണ് കോടതിയലക്ഷ്യ ഹർജിക്ക് അനുമതി തേടിയത്. ചട്ടപ്രകാരം സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതി കൂടി ആവശ്യമാണ്.

ജുഡിഷ്യറിയെകുറിച്ച് കടുത്ത ചില പരാമർശങ്ങളാണ് ഗൊഗോയി നടത്തിയതെങ്കിലും നീതി നിർവഹണ വ്യവസ്ഥയെ ചുറ്റിവളഞ്ഞിരിക്കുന്ന മോശം പ്രവണതകളിലുള്ള അസ്വസ്ഥതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ജുഡിഷ്യറിയുടെ നല്ലതിന് വേണ്ടിയാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ കോടതിയെ പൊതുജനങ്ങൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കാനല്ലെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.