farmers

ന്യൂഡൽഹി: പുതിയ കുഴൽക്കിണറുകൾ, കൂളറുകൾ, വാട്ടർപ്യൂരിഫയറുകൾ.... കടുത്ത തണുപ്പിനെ അവഗണിച്ചും ഡൽഹി അതിർത്തിയിലെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയ കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെയും നേരിടാൻ തയാറെടുക്കുകയാണ്. ഡൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിലെ സമരകേന്ദ്രത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ 30 കി.മി പരിധിയിൽ നൂറോളം കുഴൽകിണറുകൾ നിർമിച്ചതായി കർഷകർ അറിയിച്ചു. ഈ സമരകേന്ദ്രത്തിൽ മാത്രം നാലായിരം കൂളുറുകൾ ഉടൻ സ്ഥാപിക്കും.

ഏഴുപതോളം ട്രാക്ടർ-ട്രോളികളിൽ വാട്ടർപ്യുരിഫയറും സ്ഥാപിക്കും. തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സോളാർ പാനലുകളും സ്ഥാപിച്ചു തുടങ്ങി. കുടിവെള്ള സൗകര്യമൊരുക്കാൻ കർഷകർക്കിടയിൽ നിന്നായി 25 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. മുഖ്യസമരകേന്ദ്രമായ സിംഘുവിലും ഗാസിപ്പുരിലും വേനിലെ നേരിടാനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്.

വിളവെടുപ്പ് സമയമായതിനാൽ കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് സമരത്തെ ബാധിക്കാതിരിക്കാനും ക്രമീകരണം നടത്തുന്നുണ്ട്. അതിനിടെ
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിക്കായി പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ചിട്ടില്ലെന്ന് കിസാൻ മോർച്ച ഡൽഹി പൊലീസ് കമ്മിഷണറെ ഇന്നലെ അറിയിച്ചു. സംഘർഷമുണ്ടാക്കിയിട്ടിലെന്നും വ്യക്തമാക്കി.