
ന്യൂഡൽഹി: വാദം കേൾക്കുന്നതിനുള്ള വീഡിയോ കോൺഫറൻസിംഗ് ലിങ്കുകൾ ഇനി മുതൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ മുഖേന അയയ്ക്കില്ലെന്ന് സുപ്രീം കോടതി. ഇന്ന് മുതൽ തീരുമാനം നടപ്പിലാക്കും.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദ്ദേശങ്ങളും ചട്ടങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ലിങ്കുകൾ ബന്ധപ്പെട്ട ആളുകൾക്കും അഭിഭാഷകർക്കും എസ്.എം.എസായോ ഇ-മെയിലായോ അയയ്ക്കും.
വ്യാഴാഴ്ചയായിരുന്നു സർക്കാർ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും ഒ.ടി.ടി സേവനങ്ങൾക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ അതിന്റെ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വ്യവസ്ഥകളുണ്ടിതിൽ. ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ പോലുള്ള സമൂഹ മാദ്ധ്യമങ്ങൾ, ഓൺലൈൻ വാർത്ത മാദ്ധ്യമങ്ങൾ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കെല്ലാം പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്.