naresh-tikayath


സംയുക്ത കിസാൻ മോർച്ച - ട്രേഡ് യൂണിയൻ മീറ്റിംഗ് ഇന്ന്

ന്യൂഡൽഹി: കർഷക സമരം രാജ്യവ്യാപകമാക്കുന്നതിനൊപ്പം ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ഭാരതീയ കിസാൻ യൂണിയൻ. ബി.ജെ.പി നേതാക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡന്റ് നരേഷ് ടികായത് കർഷകരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ബി.ജെ.പിക്ക് പിന്തുണ നൽകിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നുള്ള കർഷക തൊഴിലാളി സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സംയുക്ത കിസാൻ മോർച്ചയും പത്ത്‌ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സുപ്രധാന ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ആദ്യമായാണ് ഇത്തരമൊരു ചർച്ച നടക്കുന്നത്.

കർഷക സമരം കൂടുതൽ സമരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഇന്ന് മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടികൾ ആരംഭിക്കും. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിലാണ് രാകേഷ് ടികായത് പര്യടനം നടത്തുന്നത്. തെലുങ്കാനയിലെ യോഗത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

 ചെങ്കോട്ട ആക്രമണം കേന്ദ്രം ആസൂത്രണം ചെയ്തത് :കെജ്‌രിവാൾ

കർഷക സമരത്തെ പിന്തുണച്ച്‌ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും കർഷകരുടെ മരണ വാറണ്ടുകളാണെന്നും ചെങ്കോട്ട ആക്രമണം കേന്ദ്രം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും മീററ്റിൽ നടന്ന കിസാൻ മഹാ പഞ്ചായത്തിൽ കെജ്‌രിവാൾ പറഞ്ഞു.