
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഗുലാം നബി ആസാദ്. ''എനിക്ക് ഒരുപാട് നേതാക്കളുടെ പല കാര്യങ്ങളും ഇഷ്ടമാണ്. ഞാൻ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഒരിക്കൽ ചായ വിറ്റു നടന്ന, ഗ്രാമത്തിൽ നിന്നുവന്ന പ്രധാനമന്ത്രിയെപ്പൊലെ ഉള്ളവരിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞങ്ങൾ രാഷ്ട്രീയത്തിൽ എതിരാളികളായിരിക്കാം. എന്നാൽ വന്ന വഴി മറക്കാത്ത അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ജീവിത യാഥാർത്ഥ്യങ്ങൾ മറച്ച് വയ്ക്കുന്നവർ കുമിളക്കുള്ളിലാണ് ജീവിക്കുന്നതെന്നും '' ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മുവിൽ ഗുജ്ജർ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് ആസാദ് മോദിയെ പുകഴ്ത്തിയത്.
രാജ്യസഭയിൽ നിന്ന് വിരമിച്ച ദിവസം ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ യാത്രയയപ്പ് നൽകിയത് വാർത്തയായിരുന്നു.