കൊച്ചി : വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്റേയും ടെർമിനലുകളുടേയും ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. വെെറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള റൂട്ടാണ് ഗതാഗതത്തിനായി തുറക്കുന്നത്.
സർവീസ് പിന്നീട്
100 പേർക്ക് യാത്ര ചെയ്യാവുന്ന ആദ്യ ബോട്ട് കൊച്ചി കപ്പൽശാല ഡിസംബറിൽ നിർമ്മിച്ചു നൽകിയെങ്കിലും സർവീസ് ആരംഭിക്കുവാനുള്ള അനുമതിയായിട്ടില്ല. ഉദ്ഘാടന ദിവസം സർവീസീസ് ഉണ്ടാകില്ല. സർവീസ് ആരംഭിക്കുന്ന തീയതി നാളെ പ്രഖ്യാപിക്കും.
ആകെ 78 ബോട്ട് സർവീസ്
തുടക്കത്തിൽ ഒരു ബോട്ട് സർവീസ് നടത്തുകയും ഘട്ടംഘട്ടമായി കൂടുതൽ ബോട്ടുകൾ ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.ജെട്ടികൾ പൂർണ സജ്ജമാകുന്നതോടെ 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളുമാണ് സർവീസ് നടത്തുക. അലുമിനിയമാണ് ബോഡി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം എട്ട് ബോട്ടുകൾക്ക് വരെ റിപ്പയർ ചെയ്യാവുന്ന ബോട്ട്‌യാഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്.ആദ്യ ഘട്ടത്തിൽ 4 ആഴ്ച കൂടുമ്പോൾ 4 ബോട്ട് വീതവും പിന്നീട് 4 ആഴ്ച കൂടുമ്പോൾ 5 ബോട്ടുകളുമാണു കെഎംആർഎല്ലിനു ലഭിക്കുക.തേവര - പേരണ്ടൂർ കനാലുകൾ പുനരുദ്ധരിച്ചു ഗതാഗത യോഗ്യയോഗയമാക്കുകയെന്ന ലക്ഷ്യത്തോടെ 1500 കോടി രൂപ ചെലവഴിച്ചു സംയോജിത നഗര നവീകരണ ,ജല ഗതാഗത പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം.ജർമ്മൻ വികന ബാങ്കാണു വായ്പ നൽകുന്നത്.
നിർമ്മാണം പുരോഗമിക്കുന്നു
കൊച്ചി വാട്ടർ മെട്രോയുടെ എട്ട് ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഏലൂർ, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഫെറി, കുമ്പളം, കടമക്കുടി, മുളവുകാട് നോർത്ത്, പള്ളിയാംതുരുത്ത് ടെർമിനലുകളുടെ പണിയാണ് ധ്രുതഗതിയിൽ ഗതിയിൽ നടക്കുന്നത്. . 2,500 സ്ക്വയർഫീറ്റാണ് ടെർമിനലുകളുടെ വിസ്തൃതി. വാട്ടർ മെട്രോയുടെ 15 ടെർമിനുകളാണ് നിലവിൽ നിർമാണത്തിലുള്ളത്. നഗരത്തിൽ ഹൈക്കോടതി ജെട്ടിയുടെ പൈലിംഗ് പൂർത്തിയായി. 18 പൈലുകളുടെ നിർമാണമാണ് ഇവിടെ പൂർത്തിയായത്.
യാത്ര ക്ളശത്തിന് പരിഹാരം
78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലായി 38 സ്റ്റേഷനുകളിൽ വാട്ടർ മെട്രോ സർവീസ് നടത്തുക. വൈപ്പിൻ, വെല്ലിംഗ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവ്കാട് തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് വാട്ടർ മെട്രോ പരിഹാരമാവും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും.