farmers

(യോഗനാദം ഫെബ്രുവരി​ ഒന്നാംലക്കം എഡി​റ്റോറി​യൽ)

രണ്ടുമാസമായി ഇന്ദ്രപ്രസ്ഥത്തിലെ മരംകോച്ചുന്ന തണുപ്പിൽ ആയിരക്കണക്കിന് കർഷകർ കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരം കൈവിട്ടു പോകുന്നതിന്റെ സൂചനയാണ് റിപ്പബ്ളിക് ദിനത്തിൽ നാം കണ്ടത്. കർഷകരെ ദാരിദ്ര്യത്തിൽ നിന്ന് വിമോചിപ്പിക്കാൻ വേണ്ടി എന്നു കേന്ദ്രം അവകാശപ്പെ‌ടുന്നതും കർഷകരെ മുച്ചൂടും മുടിക്കുമെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നതുമായ പുതിയ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം ചെങ്കോട്ടയിൽ പാറിപ്പറക്കുന്ന ത്രിവർണ പതാകയുടെ നേർക്ക് കൂടി നീണ്ടപ്പോൾ സമരത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയനിഴലിലേക്കെത്തി.

ജനലക്ഷങ്ങൾ ജീവനും രക്തവും ജീവിതവും നൽകി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. അതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് ചെങ്കോട്ടയും അതിനു മുകളിലെ ത്രിവർണ പതാകയും. കർഷക സമരത്തിന്റെ ശരിതെറ്റുകൾ എന്തുമാകട്ടെ, അത് ചെങ്കോട്ടയിലെ കൊടിമരത്തിൽ വേറെ പതാക കെട്ടുന്നതിലേക്ക് എത്തിച്ചത് അപലപനീയമായെന്ന് പറയാതെ വയ്യ.

കൃഷിയും കർഷകരുമാണ് ഈ നാടിന്റെ കരുത്ത്. പക്ഷേ ഇന്ത്യൻ കർഷക കോടികൾക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം ലഭിക്കുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം. എക്കാലത്തും ഇടനിലക്കാരുടെയും വട്ടിപ്പലിശക്കാരുടെയും ഇരകളാണ് നമ്മുടെ കർഷക സമൂഹം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന കാർഷിക വിപ്ളവം ലോകത്തിനു തന്നെ മാതൃകയായിരുന്നു. അത്താഴപ്പട്ടിണിക്കാരിൽ നിന്ന് ഏറ്റവും വലിയ കാർഷികോത്പന്ന കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയപ്പോഴും ഇവിടുത്തെ കർഷകരും അവരുടെ കുടുംബവും കടക്കെണിയിൽ തന്നെയായിരുന്നു. അനന്തര തലമുറയ്ക്ക് ദാരിദ്ര്യം മാത്രം കൈമാറുന്നവരാണിപ്പോഴും ഇക്കൂട്ടർ. അവരെ രക്ഷിക്കാൻ ഇത്രയും കാലം ഭരിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കൊന്നിനും സാധിച്ചില്ല.

തങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും ആധുനിക ലോകത്തേക്കും നയിക്കാൻ ഇത്രയും കാലമായിട്ടും സാധിക്കാത്ത നിയമങ്ങൾ കർഷകർക്കെന്തിനാണ് ? അത് പരിഷ്കരിച്ചല്ലേ തീരൂ. അതിന് ഒരു സർക്കാർ തുനിയുമ്പോൾ ഇത്രയും വലിയ സമരങ്ങളുമായി രംഗത്തു വരുന്നത് തന്നെ ശരിയല്ല. എങ്കിലും കർഷക ആശങ്കകൾ പരിഹരിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ടുതാനും.

പുതിയ നിയമത്തിന്റെ ശരിതെറ്റുകൾ വിശകലം ചെയ്യേണ്ടത് പാർലമെന്റിലായിരുന്നു. അത് ചെയ്യാതെ പോയിട്ടുണ്ടെങ്കിൽ സർക്കാർ മാത്രമല്ല പ്രതിപക്ഷവും ഉത്തരവാദികളാണ്. നിയമം സംബന്ധിച്ച് കർഷക സംഘടനകളുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തേണ്ടതുമായിരുന്നു.
പാർലമെന്റ് പാസാക്കിയ നിയമം പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പുമില്ലെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമാണോ എന്നും അങ്ങനെ ആത്മാഭിമാനമുള്ള ഒരു സർക്കാർ ചെയ്യുമോ എന്നും കർഷകസംഘടനകൾ ആലോചിക്കണം. നിയമത്തിലെ പോരായ്മകൾക്ക് ഭേദഗതികൾ ആവശ്യപ്പെടുകയാണ് പ്രായോഗിക സമീപനമുള്ള, ഉത്തരവാദിത്വബോധമുള്ള സംഘടനകൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകാനായി ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനിറങ്ങണം. അതിന് പകരം രാജ്യതലസ്ഥാനത്തെ മുൾമുനയിൽ നിറുത്തി തങ്ങളുടെ പിടിവാശി വിജയിപ്പിക്കാൻ നോക്കുകയല്ല വേണ്ടത്.

സമരത്തിന് പിന്നിൽ ഇടനിലക്കാരും രാജ്യവിരുദ്ധരും ബി.ജെ.പി വിരുദ്ധരും കൈകോർക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതായി ചെങ്കോട്ടയിലെ സംഭവ വികാസങ്ങൾ. അതിന് വഴിവെച്ചത് സമരക്കാരുടെ സമീപനങ്ങളാണ്. രാജ്യമെമ്പാടുമുള്ള കർഷകരുടെ പങ്കാളിത്തം ഡൽഹി സമരത്തിനുണ്ടോ എന്നതും സംശയകരമാണ്. കർഷകരുടെ ലേബലിൽ മറ്റ് പല അജണ്ടകളും ചെലവാക്കാനാകും. ഇപ്പോഴിതാ പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടനവാദവും സമരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സമരം ദുർബലപ്പെടാൻ ഇത്തരം സംഭവവികാസങ്ങൾ കാരണമാവുകയും ചെയ്തു.

കേന്ദ്രസർക്കാർ കൂടുതൽ അവധാനതയോടെ വേണമായിരുന്നു കാതലായ ഒട്ടേറെ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന ഈ നിയമം പാസാക്കേണ്ടത്. പാർലമെന്റിൽ വേണ്ട ചർച്ചകൾ നടന്നിരുന്നെങ്കിൽ സമരം ഒഴിവാക്കുകയോ, തീഷ്ണത കുറയ്ക്കുകയോ ചെയ്യാനാകുമായിരുന്നു. സമഗ്രമായ മാറ്റങ്ങൾക്ക് വഴിവയ്‌ക്കുമെന്നതിനാൽ സ്വാഭാവികമായും കർഷകർക്ക് ആശങ്കകളുണ്ടാകും. ആ ആശങ്കകളെ ഇടനിലക്കാർ ഉൾപ്പടെ തത്പര കക്ഷികൾക്ക് ദുരുപയോഗിക്കാനും വഴിയൊരുങ്ങി. കർഷക സംഘടനകളും കേന്ദ്രസർക്കാരും എത്രയും വേഗം ചർച്ചയിലൂടെ, സമവായത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയെങ്കിലും പ്രശ്നപരിഹാരത്തിന് നേരിട്ട് രംഗത്തിറങ്ങണം. വിട്ടുവീഴ്ചകൾ ഇരുഭാഗത്തും അനിവാര്യമാണ്.

ജനാധിപത്യത്തിന്റെ സൗന്ദര്യം വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. അതില്ലാതാകുമ്പോൾ ജനാധിപത്യവും ഇല്ലാതാകും. എന്നതുകൊണ്ട് വിയോജിപ്പും ചോദ്യം ചെയ്യലും ജനങ്ങളുടെ മൗലികാവകാശങ്ങളുടെയോ രാജ്യതാത്‌പര്യങ്ങളുടെയോ മുകളിൽ കയറി നിന്നും ആകരുത്.

നിരാഹാരവും നിസഹകരണവും ബഹിഷ്കരണവും തുടങ്ങി എത്രയോ സമാധാനപരമായ സമരമാർഗങ്ങളിലൂടെ ലോകത്തെ തന്നെ വിസ്മയിപ്പിച്ച, ലോകശക്തികളെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ളവരാണ് നാം. ഇത് ഗാന്ധി​ജി​യുടെ നാടാണ്. ഈ സമരം സത്യത്തിന് വേണ്ടിയുള്ളതാണെങ്കിൽ അത് വിജയിച്ചേ തീരൂ. അതിന് അവലംബിക്കുന്ന മാർഗം ജനാധിപത്യവിരുദ്ധതയുടെയും അക്രമത്തിന്റേതും രാജ്യദ്രോഹത്തിന്റേതുമാകരുത്. ജയ് ജവാൻ... ജയ് കിസാൻ...