khamarunnissa-anvar

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ വനിതാ പ്രാതിനിദ്ധ്യം, ഈ ചോദ്യത്തിന് കാൽ നൂറ്റാണ്ട് പഴക്കമുണ്ട്. 25 വർഷം മുമ്പാണ് ലീഗ് ടിക്കറ്റിൽ ഒരു വനിത അവസാനമായി നിയമസഭയിലേക്ക് മത്സരിച്ചത്. ഇത്തവണ ലീഗ് ആ പേരുദോഷം മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് വനിതകളും പ്രവർത്തകരും. ഇക്കാര്യം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പരസ്യമായി ഉന്നയിച്ചതോടെ വിഷയം ചൂടുപിടിക്കുകയുമാണ്.

1996ൽ ഖമറുന്നീസ അൻവറാണ് ലീഗിനായി നിയമസഭയിലേക്ക് അവസാനമായി മത്സരിച്ച വനിത. പക്ഷേ സി.പി.എം നേതാവ് എളമരം കരീമിനോട് പരാജയപ്പെട്ടു. കണ്ണൂർ ജില്ലയിലെ ആയിക്കര സ്വദേശിയായ ഖമറുന്നീസ അൻവർ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സോഷ്യൽ വെൽഫെയർ ബോർഡ് ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ ഡയറക്ടറമായിരുന്നു. തിരൂരിൽ സ്ഥിരതാമസമാക്കിയ ഖമറുന്നീസ വനിതാലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്.

'1996ലെ തിരഞ്ഞെടുപ്പ് സമയത്ത് ജനറൽ സെക്രട്ടറിയായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയാണ് കോഴിക്കോട്ട് മത്സരിക്കാമോയെന്ന് ചോദിച്ചത്. കുടുംബത്തോട് ആലോചിച്ച് മറുപടി നൽകി. മത്സരത്തിൽ തോറ്റു. പലരും രഹസ്യമായി എതിരായി പ്രവർത്തിച്ചു. വനിതകൾ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. സംഘടനയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള വനിതകൾ അവരുടെ റോൾ ഭംഗിയായി നിർവഹിക്കുന്നുണ്ട്. മുസ്ലിം വനിതകളെ മാറ്റിനിറുത്തുന്നത് ശരിയല്ല".

- ഖമറുന്നിസ അൻവർ

'ഇത്തവണ ഒരു സീറ്റെങ്കിലും വനിതകൾക്ക് അനുവദിക്കുമെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കും സ്ത്രീകളെ മാറ്റിനിറുത്താനാകില്ല. ഇപ്പോൾത്തന്നെ പാർട്ടി ഏറെ വൈകിയിരിക്കുന്നു. ആ ഒരു പാകപ്പെടലിന് ലീഗ് നിർബന്ധിതമാകുകയാണ്.

- അഡ്വ.ഫാത്തിമ തെഹ്ലിയ,

എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്