shayam-vitharanam-
കുഞ്ഞിത്തൈ തെറിയ്ക്കവില്ലയിൽ സ്വപ്നക്കും കുടുബത്തിന് ജില്ലാകളക്ടർ വീട്ടിലെത്തി രണ്ടു ലക്ഷം രുപയുടെ ചെക്ക് കൈമാറുന്നു.

പറവൂർ: പ്രളയം തകർത്തെറിഞ്ഞ ജീവിതം തിരിച്ചുപിടിക്കാൻ പച്ചത്തുരുത്തായി ജില്ലാകളക്ടറുടെ സഹായഹസ്തം. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുഞ്ഞിത്തൈ തെറിക്കവില്ലയിൽ സ്വപ്നയ്ക്കും കുടുബത്തിനുമാണ് കളക്ടർ വീട്ടിലെത്തി രണ്ടുലക്ഷം രുപയുടെ ചെക്ക് നൽകിയത്. മഹാപ്രളയത്തിന്റെ നഷ്ടപരിഹാരമായി അനുവദിച്ച ഒന്നേകാൽലക്ഷംരൂപയും എൻ.ജി.ഒ സ്വരൂപിക്കുന്ന ഒരു ലക്ഷവും കുടുംബത്തിന് കൈമാറുമെന്ന് കളക്ടർ ഉറപ്പുനൽകി. സ്വപ്നയുടെ ഒക്കത്തിരുന്ന ഒന്നരവയസുകാരി സെറിൽഡയുടെ കുഞ്ഞുകൈകളിലാണ് കളക്ടർ ചെക്ക് നൽകിയത്.

സ്വപ്നയും മൂന്ന് പെൺകുഞ്ഞുങ്ങളും ഭർത്താവും രോഗിയായ ഭർതൃമാതാവ് ഫ്ലോറിയുമടങ്ങുന്ന ആറംഗകുടുംബം അന്തിയുറങ്ങുന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഫ്ളക്സ്ഷീറ്റ് മേഞ്ഞ കുടിലിലാണ്. താമസിച്ചിരുന്ന ജീർണാവസ്ഥയിലായിരുന്ന ഓടിട്ടവീട് പ്രളയജലത്തിന്റെ കുത്തെഴുക്കിൽ തീർത്തും അപകടസ്ഥിതിയിലായതോടെ ജീവഭയത്താലാണ് ഷെഡിലേക്ക് ഇവർ താമസം മാറ്റിയത്.വീട് പൂർണമായി വാസയോഗ്യമല്ലാതായെങ്കിലും പ്രളയനാശനഷ്ടം കണക്കാക്കിയപ്പോൾ അനുവദിച്ചത് ഒന്നേകാൽലക്ഷം രൂപ മാത്രം. അനുവദിച്ച ഈ തുകയെങ്കിലും ലഭിക്കാൻ സ്വപ്നയും ഭർത്താവ് ആന്റണിയും പലവട്ടം കളക്ടറേറ്റിൽ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

അക്കൗണ്ട് നമ്പർ മാറി അനർഹരായ ആർക്കോ തുക കൈമാറിയതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച കൈപ്പിഴവിൽ പ്രളയം കഴിഞ്ഞ് രണ്ടരവർഷമായിട്ടും ഇതിനു പരിഹാരം അധികൃതർക്ക് കഴിഞ്ഞില്ല. കുടുംബത്തിന് താമസിക്കാനുതകുന്ന തരത്തിൽ ചെറുതെങ്കിലും ഒരു വീട് നിർമ്മിച്ചുനൽകാൻ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ ശ്രമങ്ങളുണ്ടായെങ്കിലും ഫലം കണ്ടിട്ടില്ല. മത്സ്യത്തൊഴിലാളിയായ ആന്റണിയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതിയുടെ വാർത്തകൾ വന്നതിനെ തുടർന്നാണ് കളക്ടർ നേരിട്ട് ഇടപ്പെട്ടത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗീസ് മാണിയാറ, തഹസിൽദാർ ജെഗ്ഗി പോൾ, ഡെപ്യുട്ടി തഹസിൽമാരായ ടി.എഫ്. ജോസഫ്, ടി.ആർ. സംഗീത്, വില്ലേജ് ഓഫീസർ ഷാജഹാൻ തുടങ്ങിയവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.