വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയുടെ ജീവനാഡിയായ വേലൻതോട് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 3,4,7,8 വാർഡുകളിലൂടെ കടന്ന് ഞാറക്കൽ പഞ്ചായത്തിലേക്ക് പോകുന്ന വേലൻതോടിന്റെ പല ഭാഗങ്ങളും കൈയേറുകയും നികത്തുകയും ചെയ്തതാണ് നീരൊഴുക്കിന് തടസമായത്. പ്രദേശത്തിന്റെ വികസനത്തിനും ജനങ്ങളനുഭവിക്കുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാനും തോട് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞവർഷം ഇറിഗേഷൻ വകുപ്പ് ഫണ്ടുപയോഗിച്ച് ആഴം വർദ്ധിപ്പിച്ചെങ്കിലും തോട് കൈയേറ്റവും നികത്തലുംമൂലം നീരൊഴുക്ക് ഇപ്പോഴും സുഗമമല്ലാത്ത അവസ്ഥയാണുള്ളത്.എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞഭരണസമിതി വേലൻതോട് അളന്നു തിട്ടപ്പെടുത്തി അതിർത്തികൾ നിശ്ചയിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനമെടുക്കുകയും അതിനായി 60000 രൂപ താലൂക്ക് ഓഫീസിൽ അടക്കുകയും ചെയ്തിരിന്നു. പണമടച്ച് ഒരു വർഷം പിന്നിട്ടിട്ടും അത് നടപ്പിലായിട്ടില്ല.
കൈയേറ്റങ്ങളും നികത്തലുകളും അനധികൃത നിർമ്മാണങ്ങളും നടക്കുന്ന ഓരോ ഘട്ടത്തിലും പഞ്ചായത്തിന്റെ ഇടപെടലുകൾ ഉണ്ടാകാതിരുന്നതിനാലാണ് ഇത്ര വ്യാപകമായി കൈയേറ്റങ്ങൾ നടന്നതെന്ന വിമർശനം ശക്തമാണ്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതികൾ നൽകി.അടിയന്തര നടപടികൾ ഉണ്ടായില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനും ഇതുൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളിൽ ഇടപ്പെടാൻ വാർഡുതല ജനകീയ ജാഗ്രതാ സമിതികൾ വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.