വൈപ്പിൻ: എളങ്കുന്നപ്പുഴ ബേരിയൽ തോട് എക്കൽ നീക്കംചെയ്യാൻ നടപടിയായി. 18-ാം വാർഡിൽ ലൈറ്റ് ഹൗസിന് കിഴക്കും ആർ.എം.പി തോടിന് പടിഞ്ഞാറായി 1150 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമായി ഒഴുകുന്ന ബേരിയൽ തോട് എക്കലും മരങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. ചെമ്മീനും മീനും സുലഭമായി കിട്ടിയിരുന്ന തോട് മത്സ്യതൊഴിലാളികൾക്കും കർഷകകർക്കും ഉപജീവന മാർഗമായിരുന്നു. നീരൊഴുക്ക് തടസപ്പെട്ടതോടെ മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാൽ വെള്ളം ഒഴുകിപ്പോകാനാകാതെ ഇരുകരകളും വെള്ളക്കെട്ടിലായി. വെള്ളം കയറ്റിറക്കം ഇല്ലാതായപ്പോൾ പരിസരത്തെ കർഷകർ മത്സ്യക്കൃഷിവിട്ടു. ഇത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ബേരിയൽ തോട് എക്കൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഒരു ലക്ഷം യുവകർഷക സമിതിയും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി എക്കൽ നീക്കം ചെയ്യുന്നതിന് സി.എഫ്.സി.ഇ.ടി.ഇ.ഡി ട്രേഡ് ഫണ്ടിൽനിന്നും 20 ലക്ഷം രൂപ അനുവദിച്ചു. ജോലി ഉടൻ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അറിയിച്ചു. പഞ്ചായത്ത് തീരുമാനത്തെ ഒരുലക്ഷം യുവകർഷകസമിതി പ്രസിഡന്റ് കെ.ബി. സജീവ് സ്വാഗതംചെയ്തു.