ആലുവ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭ അതിർത്തിയിൽ 19 കേന്ദ്രങ്ങളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നു. റെയിൽവെ സ്റ്റേഷനിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആലുവ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. രാജേഷിന്റെ മകൾ നിവേദിത രാജേഷിന് ആദ്യ ഡോസ് നൽകി ഉദ്ഘാടനം ചെയ്തു. ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി ചെയർമാൻ കെ.ജെ. ജോമി, നഗരസഭ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി. സൈമൺ, കൗൺസിലർ പി.എസ്. പ്രീത, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് എ.പി. സഫീർ, സെക്രട്ടറി കെ.എ. ഫക്രുദ്ദീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ഐ. സിറാജ്, എ. ബൈജു, ഷൈനി ചാക്കോ, അരുൺ വിജയൻ, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി, വി.ആർ. രശ്മി എന്നിവർ പങ്കെടുത്തു. റോട്ടറി ക്ലബ് ഒഫ് ആലുവ, ആലുവ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു തുള്ളി മരുന്ന് വിതരണം.
നിലവിൽ കൊവിഡ് പോസിറ്റീവായ കുടുംബങ്ങളിൽ കുടുംബാംഗങ്ങൾ നെഗറ്റീവായി 14 ദിവസങ്ങൾക്ക് ശേഷമാണ് ആ വീട്ടിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുക. അഞ്ച് വയസിൽ താഴെയുള്ള കൊവിഡ് പോസിറ്റീവായ കുട്ടികൾക്ക് നെഗറ്റീവായി 28 ദിവസത്തിന് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നൽകുകയുള്ളൂവെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.