ആലുവ: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് വ്യാപകപരാതി. പത്താം ശമ്പള കമ്മീഷൻ നൽകിയ പരിഗണന പുതിയ കമ്മീഷൻ റിപ്പോർട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നില്ലെന്നാണ് ആക്ഷേപം.
കൊവിഡിനെ പ്രതിരോധിക്കാൻ മുന്നിൽനിന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകിയപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത പൊലീസുകാരെ തീർത്തും അവഗണിച്ചെന്നാണ് പരാതി. റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർക്കുപോലും ഈ സാഹചര്യത്തെ മുൻനിർത്തി ശമ്പളവും അലവൻസും വർദ്ധിപ്പിക്കാൻ ശുപാർശയുളളപ്പോൾ പൊലീസിനുള്ള റിസ്‌ക് അലവൻസ് കേവലം 10 രൂപ മാത്രം വർദ്ധിപ്പിച്ചത് കടുത്ത അനീതിയാണെന്നാണ് ആക്ഷേപം. കൊറോണ പിടിപെട്ട് മരണത്തിന് കീഴടങ്ങിയവരും രോഗം ബാധിച്ചുദുരിതം അനുഭവിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ വേദന കാണാതെ പോയത് വഞ്ചനയാണെന്ന് പൊലീസുകാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ ആരോപണമുയരുന്നു.
പ്രകൃതിദുരന്തങ്ങൾ, കൊവിഡ് തുടങ്ങി വളരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ പൊലീസിന്റെ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പളഘടന നേടിയെടുക്കാൻ പൊലീസ് അസോസിയേഷനുകൾക്ക് കഴിഞ്ഞില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. പൊലീസിന് അർഹമായ അംഗീകാരത്തിനായി യാഥാർത്ഥ്യബോധത്തോടെ ശമ്പളകമ്മീഷനു മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്തത് പൊലീസ് സംഘടനാ നേതൃതത്തിന്റെ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു. അലവൻസുകൾ വർദ്ധിപ്പിക്കേണ്ട ആവശ്യകത ബോദ്ധ്യപ്പെടുത്താതെ വലിയ തുകകൾ ആവശ്യപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരിൽ പ്രതീക്ഷകൾ നൽകി വഞ്ചിക്കുന്നതും ശരിയായ നിലപാടല്ല.
സർവീസ് വെയ്റ്റേജ് നിർത്തലാക്കിയതിലൂടെ സർവിസ് കൂടുതലുള്ളവർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. പുതുതായി പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വർദ്ധനവ് ദീർഘകാലം സേവനമനുഷ്ഠിച്ചവർക്ക് ലഭ്യമാകില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ അലവൻസുകളിൽ നാമമാത്ര വർദ്ധനവാണുള്ളത്. റിസ്‌ക് അലവൻസിൽ കേവലം 10 രൂപയുടെ വർദ്ധനവ്.
5000 രൂപയായിരുന്ന യൂണിഫോം അലവൻസ് 500 രൂപയാണ് കൂട്ടിയത്. പത്താം ശമ്പളകമീഷൻ 2750ൽ നിന്നും 5000 രൂപയായി ഉയർത്തിയ യൂണിഫോം അലവൻസിൽ കാലാനുഗതമായ വർദ്ധനവില്ല.ഡേ ഓഫ് അലവൻസ് കഴിഞ്ഞ കമ്മീഷൻ 100 ശതമാനം വർദ്ധിപ്പിച്ചപ്പോൾ ഇത്തവണ 10 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ ശമ്പള കമ്മീഷൻ പുതുതായി ഏർപ്പെടുത്തിയ 300 രൂപ ട്രാഫിക് ഡ്യൂട്ടി അലവൻസിൽ ഇപ്പോൾ 30 രൂപ മാത്രമാണ് കൂട്ടിയത്.