പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ സിവിൽ പരീക്ഷാ പരിശീലന കളരി തുടങ്ങി. കൊച്ചി കസ്റ്റംസ് അസി. കമ്മീഷണർ വി.എ. മെയ്തീൻ നൈന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മാസ്റ്റർ സി.കെ. ബിജു എന്നിവർ സംസാരിച്ചു.

ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സ്കൂൾ പഠനത്തെ ബാധിക്കാതെ എല്ലാമാസവും പ്രമുഖ വ്യക്തികളുടെ ഓൺലൈൻ ക്ളാസുകൾ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങി സമൂഹത്തിലെ ഉന്നതപദവിയിലുള്ളവരോട് നേരിട്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവാദനത്തിന് അവസരം ഉണ്ടാകും. വിദ്യാർത്ഥികൾ സ്കൂൾ പഠനം പൂർത്തിയാക്കിയാലും എട്ടുവർഷത്തോളം ഗ്രൂപ്പിൽ സജീവമായി പങ്കെടുക്കണമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകി മുന്നോട്ടുപോകുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർമാരായ പ്രമോദ് മാല്യങ്കര, പ്രജിത്ത് എന്നിവർ പറഞ്ഞു.