
കൊച്ചി: അംഗീകാരത്തിന് മുൻപേ കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് തുക, കൊച്ചി ഹാർബറിനെ വാണിജ്യകേന്ദ്രമാക്കാൻ പദ്ധതി. കൊച്ചിയ്ക്കും എറണാകുളം ജില്ലയ്ക്കും കേന്ദ്ര ബഡ്ജറ്റ് നേട്ടമായി. ശബരി റെയിൽവെ, സ്റ്റാർട്ടപ്പ് പ്രോത്സാഹനം തുടങ്ങിയവയിൽ പ്രതീക്ഷിച്ച പദ്ധതികൾ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
അനുമതിക്ക് മുമ്പേ പണം
കൊച്ചി മെട്രോയുടെ കാക്കനാട് ഇൻഫോപാർക്ക് പാതയുടെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിന് (ഡി.പി.ആർ) കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കും മുമ്പാണ് 1957 കോടി രൂപ ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അനുവദിച്ചത്. പദ്ധതിക്ക് അംഗീകാരം കൈയെത്തും ദൂരത്തെന്ന സന്ദേശമാണ് ഇതിലൂടെ ലഭിച്ചത്.
ഇൻഫോപാർക്ക് പാതയ്ക്ക് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. മെട്രോ നയത്തിൽ കേന്ദ്രം തിരുത്തിയതോടെ ഡി.പി.ആർ തിരിച്ചുനൽകി. മെട്രോയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക സഹായവും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തി പുതുക്കിയ ഡി.പി.ആർ കേന്ദ്രാനുമതിയ്ക്ക് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞു. അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
11.2 കിലോമീറ്റർ
മെട്രോയുടെ രണ്ടാം ഘട്ടമാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടം വരെ നീളുന്ന പാത. 11.2 കിലോമീറ്റർ ദൂരം. നെഹ്റു സ്റ്റേഡിയത്തിനും ഇൻഫോപാർക്കിനുമിടയിൽ 2.8630 ഹെക്ടർ സ്ഥലം പാതയ്ക്ക് ഏറ്റെടുക്കും. ജനവാസകേന്ദ്രങ്ങളായ പാലാരിവട്ടം, വഴക്കാല, പടമുകൾ വഴി കാക്കനാട് കളക്ടറേറ്റ് കവലയിൽ സീപോർട്ട് എയർപോർട്ട് റോഡിലൂടെ വലത്തേയ്ക്ക് തിരിയും. എക്സ്പ്രസ് വേയിലൂടെയാണ് കിഴക്കൻ കവാടത്തിന് പുറത്ത് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടം വരെ എത്തുന്നത്. കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് എക്സ്പ്രസ് വേ വരെ സീപോർട്ട് എയർപോർട്ട് റോഡ് വീതികൂട്ടി നാലു വരിപ്പായായി വികസിപ്പിക്കുന്ന ജോലി തുടരുകയാണ്. പാലാരിവട്ടം മുതൽ കാക്കനാട് വരെ വീതി കൂട്ടുന്നതിന് നടപടികളും തുടരുകയാണ്. ഇൻഫോപാർക്ക് പാതയുടെ നിർമ്മാണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നേരിട്ട് നിർവഹിക്കും.
സ്റ്റേഷനുകൾ
പാലാരിവട്ടം, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് 1, ഇൻഫോപാർക്ക് 2
പണി ജൂലായിൽ
ജൂലായിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടെൻഡറുകളും നടപടിക്രമങ്ങളും നാലുമാസം കൊണ്ട് പൂർത്തിയാകും. ബഡ്ജറ്റിൽ തുക അനുവദിച്ചത് സ്വാഗതാർഹമാണ്.
അൽക്കേഷ് കുമാർ ശർമ്മ
മാനേജിംഗ് ഡയറക്ടർ
കെ.എം.ആർ.എൽ.
തോപ്പുംപടി മത്സ്യവാണിജ്യ കേന്ദ്രമാകും
1928ൽ തോപ്പുംപടിയിൽ ആരംഭിച്ച മത്സ്യബന്ധന തുറമുഖത്തെയാണ് വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. കൊച്ചി തുറമുഖവും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എം.പി.ഇ.ഡി.എ) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 140 കോടി രൂപയാണ് ചെലവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ നിസാമപട്ടണം തുറമുഖ മാതൃകയാണ് കൊച്ചിയിൽ നടപ്പാക്കുക. ബോട്ടിലെത്തുന്ന മത്സ്യങ്ങൾക്ക് ആധുനികമായ സംഭരണ, വ്യാപാര സംവിധാനമാണ് തുറമുഖത്ത് ഒരുക്കുന്നത്. 500 ലേറെ ബോട്ടുകളാണ് ഇപ്പോൾ പ്രതിദിനം ഹാർബറിൽ എത്തുന്നത്. 250 ടൺ മത്സ്യമാണ് പ്രതിദിനം കൈകാര്യം ചെയ്യപ്പെടുന്നത്.
ഒരുക്കുന്ന സൗകര്യങ്ങൾ
ശീതീകരിച്ച ലേലഹാൾ
ഐസ് പ്ലാന്റുകൾ
ജലശുദ്ധീകരണ പ്ലാന്റ്
മഴവെള്ള സംഭരണി
ട്രൈപോഡുകൾ
കൺവെയർ ബെൽറ്റുകൾ
മലിനജലം ശുദ്ധീകരിക്കുന്ന സംവിധാനം
ചില്ലറവില്പന കേന്ദ്രം
മത്സ്യം വൃത്തിയാക്കാൻ സംവിധാനം
വല നന്നാക്കൽ യൂണിറ്റ്
ഓഫീസുകൾ, ഫുഡ് കോർട്ട്, കാന്റീൻ
ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം