
കളമശേരി: ആദ്യ ശമ്പളം കൃത്യമായി കൈമാറും.എന്നാൽ പിന്നീടങ്ങോട്ട് ശമ്പളം കിട്ടാൻ വഴിപാട് നേരണം. രണ്ടും മൂന്നും മാസത്തെ ശമ്പളം ഇപ്പോഴും കുടിശിയാണ്. കളമശേരി എച്ച്.എം.ടിയിലെ ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. എച്ച്.എം.ടിയിലെ സുരക്ഷാ ചുമതലയുടെ കരാർ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് നല്കിയിരിക്കുന്നത്. ഇവർ ബില്ല് സമർപ്പിക്കുന്ന മുറയ്ക്ക് കമ്പനി ശമ്പളം അനുവദിക്കുന്നുണ്ട്. എന്നാൽ തൊഴിലാളികൾക്ക് കിട്ടുന്നില്ലെന്ന് മാത്രം. 15000 രൂപയിൽ താഴെയാണ് സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം. കമ്പനയിൽ നിന്നും പണം അനുവദിക്കുന്നുണ്ടെങ്കിലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
അതേസമയം, വിഷയത്തിൽ തൊഴിലാളി യൂണിയനുകൾ ഇടപെട്ട് കഴിഞ്ഞു. സെക്യൂരിറ്റി ജീവനക്കാർക്ക് ശമ്പളം നൽകാതെ പീഢിപ്പിക്കുന്ന കരാറുകാരനെ പുറത്താക്കണമെന്നാണ് എച്ച്.എം.ടി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആവശ്യം. കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ഡിസംബറിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഇത്തരത്തിൽ തൊഴിലാളികളെ വഞ്ചിക്കുന്ന കരാറുകാരനെ ഒഴിവാക്കുകയാണ് വേണ്ടതെന്നും എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കമ്പനി മാനേജുമെന്റിനോട് ആവശ്യപ്പെട്ടു.
കുടുംബം പട്ടിണിയിൽ
ജീവനക്കാരുടെ കുടുംബം പട്ടിണിയിലും ദുരിതത്തിലുമാണ്. ശമ്പളത്തിനായി ജീവനക്കാർ നേരത്തെ സമരമുൾപ്പെടെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുളdള സാഹചര്യങ്ങളിൽ ഭാഗികമായി മാത്രം പണം അനുവദിക്കും. രണ്ടും മൂന്നും മാസത്തെ ശമ്പളം ലഭിക്കാതിരിക്കുമ്പോൾ മറ്റ് മാർഗങ്ങളില്ലാതെ സ്വയം തൊഴിലുപേക്ഷിച്ച് പോകാൻ ജീവനക്കാർ നിർബന്ധിതരാകുകയാണ്. അതേസമയം, തൊഴിൽ ഉപേക്ഷിച്ച് പോകുന്നവരുടെ ശമ്പളം പിന്നീട് ഒരിക്കലും നൽകില്ലെന്ന് ജീവക്കാർ പറയുന്നു. ഇത് ധനസമ്പാദനത്തിനുള്ള അവസരമായാണ് കരാറുകമ്പനി കാണുന്നതെന്നും ഇവർ ആരോപിക്കുന്നു.