e-stamping

കൊച്ചി : ചെറിയ തുകയുടെ മുദ്രപ്പത്ര ക്ഷാമം നേരിടാൻ ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ഇ- സ്റ്റാമ്പിംഗ് നടപ്പാക്കാനുള്ള നികുതി വകുപ്പ് നടപടി തുടക്കത്തിലേ പാളി. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി തൽക്കാലം എറണാകുളം ജില്ലയിൽ നടപ്പാക്കില്ല. മുദ്രപ്പത്രം ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ തുടരുമെന്ന് രജിസ്ട്രേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. കഴക്കൂട്ടം, കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ-സ്റ്റാമ്പിംഗ് തുടരും. ഇവിടങ്ങളിലും മുദ്രപ്പത്രം ഉപയോഗിച്ചും ഇടപാട് നടത്താം. മൂന്നു മാസങ്ങൾക്ക് ശേഷം ഘട്ടം ഘട്ടമായി മറ്റിടങ്ങളിലേക്കും പരീക്ഷണാടിസ്ഥാനത്തിൽ വ്യാപിപ്പിക്കും.

വെണ്ടർമാർ കുഴങ്ങി

മൂന്നു മാസത്തേയ്ക്ക് ആവശ്യമായ മുദ്രപ്പത്രങ്ങളാണ് സ്റ്റാമ്പ് വെണ്ടർമാർക്ക് ജില്ലാ ട്രഷറിയിൽ നിന്ന് ലഭിക്കുക. ലക്ഷങ്ങളുടെ മുദ്രപ്പത്രങ്ങളാണ് പലരും സ്റ്റോക്ക് ചെയ്യുക. ഇ സ്റ്റാമ്പിംഗ് വരുമ്പോൾ അവ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചവർക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

എന്താണ് ഇ- സ്റ്റാമ്പിംഗ്

വിവിധ ഇടപാടുകൾക്കുള്ള ഉള്ളടക്കം തയ്യാറാക്കിയതിനുശേഷം രജിസ്ട്രേഷൻ വകുപ്പിന്റെപോർട്ടലിൽ കയറി പേൾ എന്ന സോഫ്റ്റ്‌വെയർ ക്ളിക്ക് ചെയ്യണം. ആവശ്യമുള്ള മുദ്രപ്പത്രത്തിന്റെ വില ഓൺലെെനായി അടയ്ക്കണം. നിശ്ചിത തുകയുടെ ഒറ്റ മുദ്രപ്പത്രം ദൃശ്യമാകും. അതിലേക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാം.

സാധാരണ മുദ്രപ്പത്രം ഉപയോഗിക്കാം

കരാറുകൾ, ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ആവശ്യങ്ങൾക്ക് പതിവുപോലെ സാധാരണ മുദ്രപ്പത്രങ്ങൾ തുടർന്നും ഉപയോഗിക്കാം. ഇ-സ്റ്റാമ്പിംഗ് പൂർണമായാലും സർക്കാർ ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവ ഉപയോഗിക്കാം.

മുദ്രപ്പത്രക്ഷാമം രൂക്ഷം

50, 100 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ലഭിക്കാത്തതിനാൽ 500 രൂപ മുടക്കി ഉയർന്ന മൂല്യമുള്ളവ വാങ്ങേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണു പ്രധാനമായും ഉപയോഗിക്കുന്നത്. സർക്കാരിന്റെ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ജില്ലാ ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോകളിലെ. 10, 20 രൂപ മൂല്യമുള്ള മുദ്രപ്പരങ്ങൾ 50, 100, 200 രൂപ മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാർക്കു പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ചെറിയ പത്രങ്ങൾ റീ വാലിഡേറ്റ് ചെയ്ത് സ്റ്റാമ്പ് വെണ്ടർമാർക്കും മൂന്നു മാസത്തേക്കുള്ള സ്റ്റോക്കുകൾ നൽകിയിട്ടുണ്ട്.

പരിഹാരം ഉടൻ

കാെവിഡ് കാരണം മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിൽ നിന്നു മുദ്രപ്പത്രങ്ങൾ ആവശ്യത്തിനു കിട്ടാത്തതിനാലാണ് ക്ഷാമമെന്ന് അധികൃതർ പറയുന്നു. നാസിക്കിൽ അച്ചടി പൂർണമായ രീതിയിൽ ആയിട്ടില്ല. നാസിക്കിൽ നിന്ന് മുദ്രപ്പത്രങ്ങൾ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നാണ് ജില്ലാ ഡിപ്പോയിൽ എത്തിക്കുക. വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത് ജില്ലാ ഡിപ്പോയിൽ നിന്നാണ്.

സ്റ്റോക്കുണ്ട്

ജില്ലയിലെ എല്ലാ വെണ്ടർമാർക്കും മുദ്രപ്പത്രം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് ഈമാസം പുതിയ സ്റ്റോക്കെത്തും. 25, 35, 45 രൂപകളുടെ ലക്ഷക്കണക്കിന് മുദ്രപ്പത്രം സ്റ്റോക്കുണ്ട്. ഇവ ഉയർന്ന വിലയുള്ളതാക്കി മാറ്റിനൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കിയാൽ ക്ഷാമം പരിഹരിക്കാൻ കഴിയും.

വി.എസ്. സുനിൽകുമാർ

ജില്ലാ ട്രഷറി ഓഫീസർ

കാക്കനാട്