cm

കൊച്ചി: സദസിന്റെ നിർദ്ദേശങ്ങളെല്ലാം സശ്രദ്ധം കേട്ടിരുന്ന് വേണ്ടതൊക്കെ കുറിച്ചെടുത്ത് അവസാനം അക്കമിട്ട് പ്രതികരിച്ച മുഖ്യമന്ത്രിയുടെ പ്രകടനം വിദ്യാർത്ഥിസമൂഹത്തിന് പുതിയ സന്ദേശമായി.ഉന്നത വിദ്യാഭ്യാസരംഗത്ത് നാളത്തെ കേരളം എങ്ങനാവണമെന്ന് തീരുമാനിക്കാൻ 'നവകേരളം യുവകേരളം' പദ്ധതിയുടെ ഭാഗമായി സർവകലാശാല വിദ്യാർത്ഥികളോട് സംവദിക്കവെയാണ് മറ്റുള്ളവർ സംസാരിച്ചപ്പോൾ അച്ചടക്കമുള്ളൊരു വിദ്യാർത്ഥിയെപ്പോലെ അവരിലൊരാളായും പ്രതികരിക്കാൻ ഊഴമെത്തിയപ്പോൾ നാടിന്റെ നായകനായും മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങിയത്.


എറണാകുളം കുസാറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ അരമണിക്കൂർ നീണ്ട ആമുഖപ്രഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി വിദ്യാർത്ഥികളോട് സംവദിച്ചത്. സംസ്ഥാനത്തെ അഞ്ചു സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് 200 പേരിൽ നിന്ന് തത്സമയ ചോദ്യോത്തര പരിപാടിയിലൂടെ തിരഞ്ഞെടുത്ത പ്രഗത്ഭമതികൾക്കായിരുന്നു ആദ്യാവസരം. അതിനുശേഷം മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പുകളുമായി വിദ്യാർത്ഥികൾ ഓരോരുത്തരായി മുന്നോട്ടുവന്നു. 33 പേർ തങ്ങളുടെ കാഴ്ചപ്പാടുകളും സംശയങ്ങളും നിർദ്ദേശങ്ങളുമടങ്ങളും മുഖ്യമന്ത്രിക്കുമുമ്പിൽ സമർപ്പിച്ചു.ആദിവാസി ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യഗവേഷണ വിദ്യാർത്ഥിയായ കൊച്ചി സർവകലാശാലയിലെ സി. വിനോദിന് പറയാനുള്ളത്
ആദിവാസി വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനത്തിന് പദ്ധതി വേണമെന്നായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലവിലുള്ളതുപോലെ എൻജിനീയിറിംഗ് ഉൾപ്പെടെ മേഖലയിലും പഠനകാലത്ത് പ്രതിഫലത്തോടുകൂടി സർക്കാർ സംവിധാനങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള ഇന്റേൺഷിപ്പ് സൗകര്യം വേണമെന്ന ആശയം ഒന്നിലധികം വിദ്യാർത്ഥികൾ മുന്നോട്ടുവച്ചു.

പഠനം പൂർത്തിയാകുന്നതോടെ വിദ്യാർത്ഥികൾ വൈദഗ്ദ്ധ്യമുള്ളവരാകുമെന്നതിനൊപ്പം പഠനകാലത്തെ സാമ്പത്തികബാദ്ധ്യത പരിഹരിക്കാനും സാധിക്കുമെന്നതായിരുന്നു നിർദ്ദേശം. സർവകലാശാലകളുടെ പരീക്ഷാകലണ്ടർ ഏകോപിപ്പിക്കണം, സ്കോളർഷിപ്പുകൾ ഏകീകരിക്കണം, കലാപഠനത്തിന് കൂടുതൽ പ്രാമുഖ്യം വേണം, സംസ്ഥാനതലത്തിൽ കായികമേളപോലെ കലാമേള സംഘടിപ്പിക്കണം, മത്സ്യമേഖലയിൽ പുതിയ കോഴ്സുകളും തൊഴിൽ സാദ്ധ്യതകളും വർദ്ധിപ്പിക്കണം, സാമൂഹ്യസേവന വിഷയങ്ങൾക്ക് ആഴ്ചയിൽ രണ്ടുദിവസം പ്രാക്ടിക്കൽ ക്ലാസുകൾ വേണം തുടങ്ങിയ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ഉയർന്നത്. വിദ്യാഭ്യാസ വായ്പ, പഠനഭാരം, ഇന്റേണൽ മാർക്ക്, അറ്റന്റൻസ് തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ കൗൺസലിംഗ് ക്ലാസ് വേണമെന്നും നിർദ്ദേശമുയർന്നു.

മുന്നോട്ടുവച്ച നിർദ്ദേശങ്ങളോട് മുഖ്യമന്ത്രി അക്കമിട്ടു പ്രതികരിച്ചു. പലതും ഇതിനോടകം നടപ്പിലാക്കുതുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ചിലതൊക്കെ അക്കാഡമിക് തലത്തിൽ ആലോചിച്ച് മറുപടി പറയേണ്ടതാണ്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചകൾ ആവശ്യമുണ്ട്. കലോത്സവങ്ങളുടെ കാര്യം പരിഗണിക്കും. വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ഗൗരവമായി പരിഗണിക്കും. ബിരുദം അടിസ്ഥാനവിദ്യാഭ്യാസ യോഗ്യതയായി പരിഗണിക്കണമെന്ന ആവശ്യം രാജ്യത്തെ പൊതുതാല്പര്യത്തിന് അനുയോജ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.