മൂവാറ്റുപുഴ: നഗരസഭ 6,75,87,000 രൂപയുടെ വാർഷിക പദ്ധതിക്ക് രൂപം നൽകി.
യോഗം നഗരസഭ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജി മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, രാജശ്രീരാജു, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാൻ, സൂപ്രണ്ട് പി.എ. മിനി എന്നിവർ സംസാരിച്ചു.
വികസനഫണ്ട് (ജനറൽ ) 2,59,26,000 രൂപയും പട്ടികജാതി വിഹിതം 6094000 രൂപയും പട്ടികവർഗ വികസനം 404000 രൂപയും മെയ്ന്റനൻസ് ഗ്രാന്റ് (റോഡ് ) 27959000 രൂപയും നോൺറോഡ് 7204000 രൂപയും ഉൾപ്പെടുന്നതാണ് കരട് പദ്ധതി വിഹിതം. റോഡ് നോൺ റോഡ് മെയ്ന്റനൻസ് ഫണ്ടിന്റെ യഥാർത്ഥവിഹിതം നിശ്ചയിച്ച പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും.
കുടിവെള്ളം മാലിന്യനിർമാർജനം, ഭവനനിർമാണം, ഭൂരഹിതർക്ക് സ്ഥലം, കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസെന്റേറ്റർ, സാമൂഹികക്ഷേമം, വിദ്യാഭ്യാസം, പുതിയ ബൈപ്പാസുകൾ, റോഡുനവീകരണം, ആരോഗ്യപരിപാലനം, വൃദ്ധജനക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത് .
10,11,12 തീയതികളിൽ നടക്കുന്ന വാർഡ് സഭകളിൽ പദ്ധതികൾ ചർച്ചചെയ്യും. 16ന് ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം വാർഡ് സഭകളുടെ നിർദേശം പരിഗണിക്കും 18ന് ചേരുന്ന വികസനസെമിനാറിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകും.