puthekavuroad

മുളന്തുരുത്തി: തിരക്കുള്ള കാഞ്ഞിരമിറ്റം പുത്തൻകാവ് റോഡരിൽ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് വേലി തുരുമ്പെടുത്ത് ഇല്ലാതെയായി. നിലവിൽവേലിക്കായി സ്ഥാപിച്ച ഇരുമ്പ് തൂണുകൾ മാത്രമാണുള്ളത്. വാഹനങ്ങൾ തോട്ടിൽ വീണ് അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ഇവിടെ ഇരുമ്പ് വേലി സ്ഥാപിച്ചത്. ഇരുവശവും പുല്ല് വളർന്നു നിൽക്കുന്നതിനാൽ റോഡിന്റെ അതിർത്തി വാഹനയാത്രക്കാർക്ക് വ്യക്തമാകുന്നില്ല. ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഇവിടെ എത്രയും വേഗം പുതിയ ഇരുമ്പ് വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം തള്ളൽ കൂടി

തോട്ടുവക്കത്തെ സുരക്ഷാവേലികൾ തകർന്നതോടെ മാലിന്യം തള്ളൽ കൂടി. ഇരുട്ടിന്റെ മറവിലാണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മാലിന്യ നിക്ഷേപം തടയാൻ ഇരുമ്പ് വേലി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

പാഴയി വാഗ്ദാനം

കാഞ്ഞിരമിറ്റം ജംഗ്ഷൻ നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമായി സുരക്ഷാവേലിയും നടപ്പാതയും നിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല.കനാലിനു വടക്കുഭാഗത്തെ റോഡിൽ കാന നിർമ്മിച്ച് സ്ലാബുകളിട്ട് ടെലിംഗ് നടത്തി നടപ്പാതയും കൈവരിയും ഉൾപ്പടെയുള്ളവ നിർമ്മിക്കുന്നതായിരുന്നു പദ്ധതി.

കാഞ്ഞിരമിറ്റം ടൂറിസം പദ്ധതി രണ്ടാം ഘട്ടം പദ്ധതിക്ക് അനുമതി നൽകുവാൻ സർക്കാർ നടപടി സ്വീകരിക്കണം. തോടിന്റെ സംരക്ഷണ വേലിയും നടപ്പാതയും നിർമ്മിക്കുവാൻ ഈ പദ്ധതി കൊണ്ടു മാത്രമെ കഴിയു. അല്ലാത്തപക്ഷം കാഞ്ഞിരമിറ്റം ജംഗ്‌ഷനിലെ ഇപ്പോഴത്തെ നവീകരണം കൊണ്ട് പ്രയോജനമുണ്ടാകുകയില്ല

എ.പി സുഭാഷ്

പഞ്ചായത്ത് അംഗം

ആമ്പല്ലൂർ.