പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ച് നടക്കുന്ന പൊലീസ് സ്റ്റേഷൻ പറ ഇന്ന് നടക്കും. രാത്രി നടക്കുന്ന ചടങ്ങിന്ന് ഐ.ജി, കമ്മിഷണർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. രാജഭരണകാലത്ത് തുടക്കമിട്ട ആചാരമാണിത്. പണ്ട് സ്റ്റേഷനിരിക്കുന്ന സ്ഥലത്തെ കെട്ടിടം രാജാക്കൻമാർ ഭരണകാര്യങ്ങൾ നിർവഹിക്കുന്ന കച്ചേരികളിലൊന്നായിരുന്നു. പിൽക്കാലത്ത് ആ കെട്ടിടം പൊലീസ് സ്റ്റേഷനായി മാറി. അന്നത്തെ ആചാരം ഇന്നും തുടർന്നു പോരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. അതിനാൽ ഇത്തവണ ഉച്ചസദ്യ ഒഴിവാക്കി പൊലീസുകാർക്ക് മാത്രമാക്കി ചുരുക്കി. സി.ഐ,എസ്.ഐ, ട്രാഫിക്ക് തുടങ്ങിയ സ്റ്റേഷനു മുൻവശം പന്തലുകൾ ഒരുങ്ങി.നിലവിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം മാറി പോയ ഉദ്യോഗസ്ഥരും കുടുംബമായി ഇന്ന് ചടങ്ങിനെത്തും.കസവുമുണ്ടും മറ്റും ധരിച്ചാണ് ഉദ്യോഗസ്ഥർ പറ വഴിപാട് നടത്തുന്നത്. ക്ഷേത്ര പറ കഴിഞ്ഞതിനു ശേഷം ഏറനാട് വനദുർഗ ദേവി ക്ഷേത്രം, കോതകുളങ്ങര ശാസ്താ ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ പറ വഴിപാട് കഴിഞ്ഞതിനു ശേഷം രാത്രിയാണ് പൊലീസ് സ്റ്റേഷൻ പറ വഴിപാട് നടക്കുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചടങ്ങ്. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഗജവീരൻമാരെയും ക്ഷേത്രത്തിൽ കലാപരിപാടികളും ഇത്തവണ ദേവസ്വം ബോർഡ് ഒഴിവാക്കി.